ലാ ലിഗയില്‍ റയലിന് ഗംഭീര തുടക്കം
ശനിയാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ 3-1ന് തോല്‍പ്പിച്ചാണ് സിദാന്റെ കുട്ടികള്‍ ആദ്യ ജയം വെട്ടിപ്പിടിച്ചത്.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ തുടക്കം. ശനിയാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ 3-1ന് തോല്‍പ്പിച്ചാണ് സിദാന്റെ കുട്ടികള്‍ ആദ്യ ജയം വെട്ടിപ്പിടിച്ചത്. കരീം ബെന്‍സിമയിലൂടെ 12ാം മിനിറ്റില്‍ റയല്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. ടീമില്‍ നിന്നും പുറത്ത് പോവാന്‍ നില്‍ക്കുന്ന ഗെരത് ബെയ്‌ലിന്റെ അസിസ്റ്റില്‍ നിന്നാണ് റയലിന്റെ രണ്ട് ഗോളുകള്‍. ബെയ്‌ലിന്റെ ഒരു ക്രോസാണ് ബെന്‍സിമ ഗോളാക്കിയത്. ബെയ്‌ലിനെയും വിനീഷ്യസിനെയും ആദ്യ ഇലവനില്‍ ഇറക്കിയിരുന്നു. രണ്ടാം പകുതിയില്‍ ലൂക്കാ മൊഡ്രിച്ച് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായിരുന്നു. തുടര്‍ന്ന് 10 പേരുമായാണ് റയല്‍ കളിച്ചത്. 61ാം മിനിറ്റില്‍ ക്രൂസിലൂടെ റയല്‍ രണ്ടാം ഗോളും നേടി.ഒരു ലോങ് റേഞ്ച് ഷോട്ട് പോസ്റ്റില്‍ തട്ടി വലയില്‍ പതിക്കുകയായിരുന്നു. 80ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌കസിന്റെ വകയായിരുന്നു റയലിന്റെ മൂന്നാം ഗോള്‍. കളിതീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ സെല്‍റ്റാ ലൊസാഡയിലൂടെ ആശ്വാസ ഗോള്‍ കണ്ടെത്തി.