യുനൈറ്റഡിനെ ചാമ്പലാക്കി ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ താണ്ഡവം; ചെമ്പടയുടെ ഗോള്‍ മഴ കാണാം
എല്ലാ താരങ്ങളും മിന്നും ഫോമിലായിരുന്നു.
ആന്‍ഫീല്‍ഡ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ തോല്‍വി വഴങ്ങി എറിക് ടെന്‍ ഹാഗിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്തത് എതിരില്ലാത്ത ഏഴ് ഗോളിന്. പ്രീമിയര്‍ ലീഗില്‍ ക്ലാസ്സിക്ക് ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത തോല്‍വിയാണ് ഇന്ന് വഴങ്ങിയത്. 2016ന് ശേഷം ആന്‍ഫീല്‍ഡില്‍ ആദ്യമായി ജയിക്കാമെന്ന യുനൈറ്റഡ് മോഹങ്ങളുടെ മേലാണ് ചെമ്പട ചവിട്ട് മെതിച്ചത്. ലിവര്‍പൂളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ആന്‍ഫീല്‍ഡില്‍ കണ്ടെത്. എല്ലാ താരങ്ങളും മിന്നും ഫോമിലായിരുന്നു.
രണ്ടാം പകുതിയിലാണ് യുനൈറ്റഡ് തകര്‍ച്ച ശരിക്ക് തുടങ്ങിയത്. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങളിലൂടെ യുനൈറ്റഡ് മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ രണ്ടാം പകുതി ലിവര്‍പൂള്‍ ആധിപത്യമായിരുന്നു കണ്ടത്. മുഹമ്മദ് സലാഹ് (66,83), ന്യുനസ് (47, 75), ഗാക്ക്‌പോ (43, 50) എന്നിവരുടെ എണ്ണം പറഞ്ഞ ഇരട്ട ഗോളുകളും ഫിര്‍മിനോയുടെ ഒരു ഗോളുമാണ് ഇന്ന് യുനൈറ്റഡിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളടിച്ച ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ യുനൈറ്റഡ് വലയിലെത്തിച്ചത് ആറ് ഗോളുകളാണ്.
ഇടവേളയ്ക്ക് ശേഷം സലാഹ് ഫോമിലേക്കുയര്‍ന്ന മല്‍സരം കൂടിയായിരുന്നു. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗിലെ ഒന്നാം നമ്പര്‍ ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോഡും സലാഹ് സ്വന്തമാക്കി. താരം രണ്ട് അസിസ്റ്റും ഒരുക്കി. ജയത്തോടെ ലിവര്‍പൂള്‍ ടോപ് ഫൈവിലെത്തി. യുനൈറ്റഡ് മൂന്നാം സ്ഥാനത്താണ്.