അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു, ക്യാമറാമാനെ തല്ലി; അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് സസ്‌പെന്‍ഷന്‍
ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെതിരെ നടപടിയുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍. 2026 ഫിഫ ലോകകപ്പിന്റെ രണ്ട് യോഗ്യതാ മത്സരങ്ങളില്‍ നിന്നാണ് വിലക്ക് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10ന് വെനസ്വേലയ്‌ക്കെതിരെയും ഒക്ടോബര്‍ 15ന് ബൊളീവിയയ്‌ക്കെതിരെയും നടക്കുന്ന മത്സരങ്ങളില്‍ എമിലിയാനോ മാര്‍ട്ടിനെസിന് കളിക്കാന്‍ കഴിയില്ല. കഴിഞ്ഞ മാസം നടന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെ എതിര്‍ ടീമിനെതിരെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിനാണ് മാര്‍ട്ടിനെസിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ ആറിന് നടന്ന ചിലിക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന 3-0ത്തിന് വിജയിച്ചിരുന്നു. പിന്നാലെ മാര്‍ട്ടിനെസ് കോപ്പ അമേരിക്ക ട്രോഫി തന്റെ ജനനേന്ദ്രീയത്തോട് ചേര്‍ത്ത് പിടിച്ചതാണ് നടപടിക്ക് കാരണമായ സംഭവം. 2022 ലോകകപ്പ് വിജയത്തിന് പിന്നാലെയും താരം സമാന പ്രവര്‍ത്തി ചെയ്തിരുന്നു. കൊളംബിയയ്‌ക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഒരു ക്യാമറാമാനെ തല്ലിയെന്നും മാര്‍ട്ടിനെസിനെതിരെ ആരോപണമുണ്ട്. ഫിഫയുടെ നടപടിയെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രതികരണം.