മലപ്പുറം: കച്ചവടത്തിന്റെ കളിക്കാരന്‍ ആണെങ്കിലും ഫുട്‌ബോളിനോട് തനിക്ക് പ്രത്യേക വാത്സല്യമാണെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. സൂപ്പര്‍ ലീഗ് കേരളയുടെ മലപ്പുറം ടീമായ മലപ്പുറം എഫ് സിയെ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പഠന കാലത്ത് താനും ഫുട്‌ബോള്‍ കളിച്ചിരുന്നെന്നും തേഞ്ഞിപ്പാലത്ത് നടന്ന സന്തോഷ് ട്രോഫി കാണാന്‍ പോയത് ഇപ്പോഴും ഓര്‍മ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റ് വിജയിച്ചാല്‍ ടീമിന് പ്രത്യേക സമ്മാനവും അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു. എം എ യൂസഫലി ടീമിനെ വേദിയില്‍ അവതരിപ്പിച്ചു. ലോകകപ്പ് അടക്കമുള്ള വേദിയില്‍ മലയാളികളുടെ ലോകകപ്പ് ആവേശം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും കുട്ടികള്‍ മൊബൈലില്‍ നിന്നകന്നു കൂടുതലായി കളിക്കാലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യൂസഫലി പറഞ്ഞു.
54 വര്‍ഷം നീണ്ട തന്റെ ഫുട്ബാള്‍ ജീവിതത്തില്‍ ഇത്ര ആവേശമുള്ളൊരു രാത്രി ഉണ്ടായിട്ടില്ലെന്നു ടീം മുഖ്യ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു. സമ്മര്‍ദ്ദം ഉണ്ടെന്നും എന്നാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ യൂസഫലിയെ ടീമിന്റെ മുഖ്യ രക്ഷധികാരിയായി പ്രഖ്യാപിച്ചു. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി യൂസഫലിയുടെ പേര് ആലേഖനം ചെയ്ത ജേഴ്സി കൈമാറി ടീം ജേഴ്‌സി പുറത്തിറക്കി.
ലോഞ്ചിഗിന് സാക്ഷിയാവാന്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മലപ്പുറം എം.എഫ്. സി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ എഫ് എ പ്രസിഡന്റ് നവാസ് മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി.