എഫ് എയില്‍ ആഴ്സണല്‍ പുറത്ത്; യുനൈറ്റഡും ലിവര്‍പൂളും ഇന്ന് നേര്‍ക്ക് നേര്
കൂടാതെ ചെല്‍സി, ലെസ്റ്റര്‍ സിറ്റി, എവര്ട്ടണ് എന്നിവരും ഇന്നിറങ്ങും.
ലണ്ടന്‍: നിലവിലെ എഫ് എ കപ്പ് ചാംപ്യന്മാരായ ആഴ്സണലിനെ പുറത്താക്കി സതാംപ്ടണ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സതാംപ്ടണിന്റെ ജയം. തോല്‍വിയോടെ ആഴ്സണല്‍ പുറത്തായി. അടുത്ത റൗണ്ടില്‍ സ്താംപ്ടണിന്റെ എതിരാളി വോള്‍വ്സാണ്. മറ്റൊരു മല്‍സരത്തില്‍ മാഞ്ച്സറ്റര്‍ സിറ്റി ഷെല്ട്ടനാമിനെ 3-1ന് തോല്‍പ്പിച്ചു.
എഫ് എയില്‍ ഇന്ന് നടക്കുന്ന പ്രധാന മല്‍സരത്തില്‍ മാഞ്ച്സറ്റര്‍ യുനൈറ്റഡും ലിവര്‍പൂളും കൊമ്പ്കോര്‍ക്കും. കഴിഞ്ഞ ആഴ്ച പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും യുനൈറ്റഡും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള യുനൈറ്റഡ് മികച്ച ഫോമിലാണ്. ലിവര്‍പൂളാകട്ടെ കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ ഒരു ജയം മാത്രമാണ് നേടിയത്. ഫോം നഷ്ടപ്പെട്ട ലിവര്‍പൂളിന് ഇന്ന് ജയിച്ചേ മതിയാകൂ. കൂടാതെ ചെല്‍സി, ലെസ്റ്റര്‍ സിറ്റി, എവര്ട്ടണ് എന്നിവരും ഇന്നിറങ്ങും.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരിലാത്ത രണ്ട് ഗോളിന് ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു.