മെസ്സിക്ക് ഡബിള്‍; വലന്‍സിയ ബാഴ്‌സയെ തളച്ചു
മറ്റൊരു മല്‍സരത്തില്‍ റയല്‍ സോസിഡാഡ് 2-1ന് അത്‌ലറ്റിക് ബില്‍ബായോ തോല്‍പ്പിച്ചു
മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ടഗോള്‍ നേടിയിട്ടും സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയക്ക് സമനിലകുരുക്ക്. ലീഗില്‍ ഏഴാം സ്ഥാനത്തുള്ള വലന്‍സിയയാണ് 2-2ന് ബാഴ്‌സയെ തളച്ചത്. മല്‍സരത്തില്‍ വലന്‍സിയ 24ാം മിനിറ്റില്‍ ലീഡ് നേടി. കെവിന്‍ ഗമീറോയിലൂടെയാണ് വലന്‍സിയ ആദ്യം വലകുലുക്കിയത്. തുടര്‍ന്ന് 32ാം മിനിറ്റില്‍ ഡാനിയല്‍ പരേജോയുടെ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളും വലന്‍സിയ വലയിലാക്കി. രണ്ട് ഗോളിന് പിന്നിട്ട ശേഷമാണ് ബാഴ്‌സ തിരിച്ചുവന്നത്. പെനാല്‍റ്റിയിലൂടെ 39ാം മിനിറ്റില്‍ മെസ്സി ആദ്യഗോള്‍ നേടി. തുടര്‍ന്ന് 64ാം മിനിറ്റില്‍ മെസ്സി സമനില ഗോള്‍ സ്വന്തമാക്കി.അതിനിടെ ലെവന്റേ ഗെറ്റഫെ മല്‍സരം സമനിലയില്‍ കലാശിച്ചു. മറ്റൊരു മല്‍സരത്തില്‍ റയല്‍ സോസിഡാഡ് 2-1ന് അത്‌ലറ്റിക് ബില്‍ബായോ തോല്‍പ്പിച്ചു. നാലാം സ്ഥാനത്തുള്ള സെവിയ്യയെ 14ാം സ്ഥാനത്തുള്ള സെല്‍റ്റാ വിഗോ 1-0ത്തിന് തോല്‍പ്പിച്ചു. അതിനിടെ മെസ്സിയുടെ വലത്തേ തോളിന് പരിക്കേറ്റു. എന്നാല്‍ പരിക്ക് നിസ്സാരമാണെന്നും താരം ബുധനാഴ്ച നടക്കുന്ന കോപാ ഡെല്‍ റേ സെമിയില്‍ കളിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. ലീഗില്‍ ഇന്ന് രാത്രി നിര്‍ണായകമായ അത്‌ലറ്റിക്കോ മാഡ്രിഡ്-റയല്‍ ബെറ്റിസ് മല്‍സരം അരങ്ങേറും. 39 പോയിന്റുമായി മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. ഒമ്പതാം സ്ഥാനത്താണ് റയല്‍ബെറ്റിസ്.