വിവാഹ ദിനത്തില്‍ വ്യത്യസ്തനായി ഓസില്‍; 1000 കുഞ്ഞുങ്ങളുടെ ചികില്‍സ വഹിക്കും
ഇസ്താംബൂളില്‍ നടന്ന വിവാഹ ചടങ്ങില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനാണ് ബെസ്റ്റ്മാന്‍(സാക്ഷി) ആയത്
ഇസ്താംബൂള്‍: മുന്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മൊസൂദ് ഓസില്‍ വിവാഹദിനത്തില്‍ ഏറ്റെടുത്തത് 1000 കുഞ്ഞുങ്ങളുടെ ചികില്‍സാചെലവ്. ഇസ്താംബൂളില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് ഓസില്‍ ഇക്കാര്യം അറിയിച്ചത്. മുന്‍ മിസ് തുര്‍ക്കിയായ അമൈന്‍ ഗുല്‍സെയെയാണ് ഓസില്‍ വിവാഹം ചെയ്തത്. നേരത്തേ, ബ്രസീല്‍(2014), ആഫ്രിക്ക(2016), റഷ്യ(2018) എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ മാരകമായ അസുഖം കാരണം ബുദ്ധിമുട്ടുന്ന കൂഞ്ഞുങ്ങളുടെ ചികില്‍സാചെലവ് ഓസില്‍ വഹിച്ചിരുന്നു. ഇത്തവണ തിരഞ്ഞെടുത്ത ലോകത്തെ വിവിധയിടങ്ങളിലെ കുഞ്ഞുങ്ങള്‍ക്കാണ് താരം ചികില്‍സാചെലവ് നല്‍കുക. ഇസ്താംബൂളില്‍ നടന്ന വിവാഹ ചടങ്ങില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനാണ് ബെസ്റ്റ്മാന്‍(സാക്ഷി) ആയത്. 2014ല്‍ നടന്ന ലോകകപ്പില്‍ ജര്‍മ്മനി കിരീടം നേടിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് തുര്‍ക്കി വംശജന്‍ കൂടിയായ ഓസില്‍. എന്നാല്‍ 2018 ലോകകപ്പില്‍ ടീം നേരത്തേ പുറത്തായതിനെ തുടര്‍ന്ന് ഏറെ പഴികേട്ടിരുന്നു. ജര്‍മ്മനിയില്‍ താന്‍ നിരവധി തവണ വംശീയാധിക്ഷേപത്തിന് ഇരയായെന്നും ഓസില്‍ വ്യക്തമാക്കിയിരുന്നു. വിജയിക്കുമ്പോള്‍ തന്നെ ജര്‍മ്മന്‍കാരനായും തോല്‍ക്കുമ്പോള്‍ തന്നെ തുര്‍ക്കി വംശജനുമായാണ് ജര്‍മ്മന്‍കാര്‍ കാണുന്നതെന്നും ഇതില്‍ വേദനയുണ്ടെന്ന് പറഞ്ഞാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് ഓസില്‍ വിരമിച്ചത്. ലോകകപ്പ് സമയത്ത് തുര്‍ക്കി പ്രസിഡന്റിനെ സന്ദര്‍ശിച്ചതും ജര്‍മ്മനിയില്‍ ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിനു വേണ്ടിയാണ് ഓസില്‍ ഇപ്പോള്‍ കളിക്കുന്നത്.