വിവാദങ്ങള്‍ക്ക് പുല്ലുവില; ഉര്‍ദുഗാനൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മെസ്യൂത് ഓസില്‍
ഉസ്മാനിയ്യ കാലഘട്ടത്തിലെ ഡോമബാസ് കൊട്ടാരത്തില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ഇഫ്താര്‍ വിരുന്നിലാണ് പ്രതിശ്രുത വധുവും മോഡലുമായ ആമിന്‍ ഗുല്‍സുവിനൊപ്പം ഓസില്‍ പങ്കെടുത്തത്.
ആങ്കറ: ഇസ്താംബൂളില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഒരുക്കിയ റമദാന്‍ ഇഫ്താര്‍ വിരുന്നില്‍ ആര്‍സനലിന്റെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂത് ഓസിലും. ഉസ്മാനിയ്യ കാലഘട്ടത്തിലെ ഡോമബാസ് കൊട്ടാരത്തില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ഇഫ്താര്‍ വിരുന്നിലാണ് പ്രതിശ്രുത വധുവും മോഡലുമായ ആമിന്‍ ഗുല്‍സുവിനൊപ്പം ഓസില്‍ പങ്കെടുത്തത്.
മുന്‍പ് ഉര്‍ദുഗാനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന്റെ പേരില്‍ ജര്‍മനിയില്‍ കടുത്ത വിമര്‍ശനത്തിന് ഇരയായിരുന്നു ഓസില്‍. ഉര്‍ദുഗാന്റെ വലതുവശത്ത് ഇരിക്കുന്ന ഓസിലിന്റെ ചിത്രം തുര്‍ക്കി മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇഫ്താറില്‍ പ്രമുഖ കായിക താരങ്ങളും പങ്കെടുത്തു.
തുര്‍ക്കി വേരുകളുള്ള ഒാസില്‍, ഈ വേനല്‍ക്കാലത്ത് നടത്താന്‍ നിശ്ചയിച്ച മുന്‍ മിസ് തുര്‍ക്കിയുമായുള്ള വിവാഹത്തിനും ഉര്‍ദുഗാനെ ക്ഷണിച്ചിട്ടുണ്ട്. ലോകകപ്പില്‍ ജര്‍മനി പുറത്തായതോടെ ഓസിലിനെതിരെ ആക്രമണവും ശക്തമായി. പിന്നാലെ വംശീയാധിക്ഷേപം വെളിപ്പെടുത്തി ഓസില്‍ രംഗത്തെത്തിയിരുന്നു.