മെസ്സിയും നെയ്മറും റാമോസും; പോചീടിനോ പിഎസ്ജിയ്ക്കായി കളിതുടങ്ങി
കിലിയന്‍ എംബാപ്പെ ടീം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പാരിസ്: പിഎസ്ജിയുടെ പുതിയ കോച്ച് പോചീടിനോ ക്ലബ്ബിനായി പുതിയ സീസണില്‍ വാങ്ങാന്‍ ഒരുങ്ങുന്നത് വമ്പന്‍ താരങ്ങളെ. ഈ സീസണോടെ ബാഴ്‌സലോണ വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി, റയല്‍ മാഡ്രിഡ് വിടുന്ന സെര്‍ജിയോ റാമോസ് എന്നീ താരങ്ങളെ അണിനിരത്തിയാണ് പോചീടിനോയുടെ പദ്ധതി. ബാഴ്‌സലോണയിലെ മികച്ച കൂട്ടുകെട്ടായിരുന്ന നെയ്മറെയും മെസ്സിയെയും ഒന്നിപ്പിക്കുന്നതോടെ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരപരിവേഷത്തിലാവും പിഎസ്ജി കളിക്കുക. മെസ്സിയുടെ ചിരവൈരിയായ റയലിലെ റാമോസും കൂടി പിഎസ്ജിയിലെത്തുന്നതോടെ ക്ലബ്ബിനെ തോല്‍പ്പിക്കാന്‍ ഏവര്‍ക്കും പ്രയാസമാവും. തന്നെയും മെസ്സിയെയും ഉള്‍പ്പെടുത്തി പിഎസ്ജിയുടെ നമ്പര്‍ വണ്‍ ടീമിനെയാണ് അടുത്ത സീസണില്‍ പോചീടീനോ ഇറക്കുകയെന്ന് റാമോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂവരെയും ഉള്‍പ്പെടുത്തിയാണ് തന്റെ സ്വപ്‌ന ടീമെന്ന് പോചീടിനോയും പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് സീസണിലും നെയ്മറെ ബാഴ്‌സയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. കൂടാതെ ഇപ്പോള്‍ വന്‍ ഫോമിലുള്ള നെയ്മറെ വിട്ടുകൊടുക്കാന്‍ പിഎസ്ജിയും വിട്ട്‌പോവാന്‍ നെയ്മറും തയ്യാറല്ല. മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. മെസ്സിക്കായി മാഞ്ചസ്റ്റര്‍ സിറ്റി നേരത്തെ മുന്നിലുണ്ട്. എന്നാല്‍ പിഎസ്ജി റെക്കോഡ് ഓഫറാണ് മെസ്സിക്കും റാമോസിനും മുന്നില്‍ വയ്ക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. ഫ്രഞ്ച് ലീഗ് വണ്ണില്‍ മോശമല്ലാത്ത ഫോമുമായി നീങ്ങുന്ന പിഎസ്ജി തങ്ങളുടെ കോച്ച് ടൂഷലിനെ പുറത്താക്കിയത് വന്‍ പദ്ധതികള്‍ മുന്നില്‍ കണ്ടാണ്. അതിനിടെ വന്‍ താരങ്ങള്‍ ടീമിലെത്തുന്നതോടെ കിലിയന്‍ എംബാപ്പെ ടീം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ താരം മികച്ച ഫോമിലാണെങ്കിലും ഫ്രാന്‍സ് വിട്ട് മറ്റ് ലീഗുകളില്‍ കളിക്കാന്‍ എംബാപ്പെ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തന്റെ ഇഷ്ട ക്ലബ്ബ് റയല്‍ മാഡ്രിഡ് ആണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.
ടോട്ടന്‍ഹാമിനെ രണ്ട് വര്‍ഷം മുമ്പ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ച പോചീടീനോയെ അടുത്ത സീസണിലെ മോശം ഫോമിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കോച്ച് ഒരു ടീമിന്റെയും ഓഫറുകള്‍ ഏറ്റെടുത്തില്ല. തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോചീടിനോ വീണ്ടും കോച്ചായി എത്തുന്നത്. മുന്‍ കോച്ച് ടുഷേല്‍ പിഎസ്ജിയെ ചരിത്രത്തില്‍ ആദ്യമായി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് മോശമല്ലാത്ത ഫോമില്‍ നീങ്ങുന്ന ക്ലബ്ബിന്റെ കോച്ചിനെ പെട്ടെന്ന് പുറത്താക്കിയത് ഫുട്‌ബോള്‍ ലോകത്തിന് തന്നെ ഞെട്ടലായിരുന്നു. ആക്രമണഫുട്‌ബോളിന്റെ കരുത്തുറ്റ പരിശീലകനായ പോചീടിനോയെ ഫ്രാന്‍സിലേക്ക് ഖത്തര്‍ ഗ്രൂപ്പ് എത്തിച്ചതിന് പിന്നില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജിയെ രാജാക്കന്‍മാരാക്കാന്‍ വേണ്ടിയാണ്.