മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്‌റ്റെര്‍ലിങിനെ വിലയ്ക്ക് വാങ്ങാനൊരുങ്ങി റയല്‍മാഡ്രിഡ്. കോച്ച് സിനദിന്‍ സിദാന്‍ വന്നതിന് ശേഷം മികച്ച താരങ്ങളെ ടീമിലുള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഇംഗ്ലണ്ട് താരമായ സ്‌റ്റെര്‍ലിങ് സിറ്റിയില്‍ മികച്ച ഫോമിലാണ്. പ്രീമിയര്‍ ലീഗിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് സ്‌റ്റെര്‍ലിങ്. സീസണില്‍ 21 ഗോള്‍ നേടിയ സ്‌റ്റെര്‍ലിങ് 12 ഗോളിന് അസിസ്റ്റന്റാവുകയും ചെയ്തിരുന്നു. സിറ്റിയെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എത്തിക്കുന്നതില്‍ സ്‌റ്റെര്‍ലിങ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ബ്രിസീലിയന്‍ ഡിഫന്‍ഡര്‍ എഡര്‍ മിലിറ്റാവോയെ റയല്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ക്ലബ്ബിന്റെ ആദ്യ സൈനിങായിരുന്നു ഇത്. നിലവില്‍ പോര്‍ച്ചുഗ്രീസ് ക്ലബ്ബായ പോര്‍ട്ടോയ്ക്കുവേണ്ടിയാണ് എഡര്‍ കളിക്കുന്നത്. 50 മില്ല്യണ്‍ തുകയ്ക്കാണ് എഡറെ ടീമിലെത്തിച്ചത്. നെയ്മര്‍, എഡേന്‍ ഹസാര്‍ഡ്, ക്രിസ്റ്റിയന്‍ എറിക്‌സണ്‍, എംബാപ്പെ എന്നിവരെയും റയല്‍ ഉടന്‍ ടീമിലെത്തിച്ചേക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു. മുന്‍ കോച്ചായ സിദാന്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ടീമിലേക്ക് കോച്ചായി വീണ്ടും എത്തിയത്. റയലിന്റെ മോശം ഫോമിനെ തുടര്‍ന്ന് നിലവിലെ കോച്ചിനെ പുറത്താക്കിയാണ് സിദാനെ നിയമിച്ചത്. ടീമിന് എന്തു വിലകൊടുത്ത മികച്ച പുതിയ താരങ്ങളെ വേണമെന്ന് സിദാന്‍ ആവശ്യപ്പെട്ടിരുന്നു. കോച്ചായിരുന്ന സമയത്ത് റയലിന് നിരവധി കിരീടങ്ങള്‍ നേടി കൊടുക്കാന്‍ സിദാന് കഴിഞ്ഞിട്ടുണ്ട്.