റയലിന്റെ തുടക്കം സമനിലയോടെ; യുവന്റസിന് വിജയത്തുടക്കം, ജയം തുടര്‍ന്ന് ചെമ്പട
ഹോം ഗ്രൗണ്ടില്‍ റയല്‍ സോസിഡാഡ് ആണ് റയലിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. വിനീഷ്യസ്, ഒഡെഗാര്‍ഡി, റൊഡ്രിഗോ എന്നിവര്‍ ആദ്യ ഇലവനിലുണ്ടായിട്ടും റയലിന് ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല.
മാഡ്രിഡ്: സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ പുതിയ സീസണ് സമനിലയോടെ തുടക്കം. ഹോം ഗ്രൗണ്ടില്‍ റയല്‍ സോസിഡാഡ് ആണ് റയലിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. വിനീഷ്യസ്, ഒഡെഗാര്‍ഡി, റൊഡ്രിഗോ എന്നിവര്‍ ആദ്യ ഇലവനിലുണ്ടായിട്ടും റയലിന് ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. മികച്ച പ്രതിരോധം തീര്‍ത്ത് റയല്‍ സോസിഡാഡ് മാഡ്രിഡിനെ പിടിച്ചുകെട്ടുകയായിരുന്നു. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വ ഇന്ന് സോസിഡാഡിനായി അരങ്ങേറി. റയലിന്റെ രണ്ടാം മല്‍സരം 26ന് റയല്‍ ബെറ്റിസിനെതിരേയാണ്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസ് റയല്‍ വലാഡോളിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ആല്‍വ്സിനെ ഗ്രനാഡ 2-1നും തോല്‍പ്പിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് വിജയത്തുടക്കം. പുതിയ കോച്ച് പിര്‍ളോയ്ക്ക് കീഴില്‍ ഇറങ്ങിയ യുവന്റസ് സംമ്പഡോറിയക്കെതിരേ 3-0ത്തിനാണ് ജയിച്ചത്. കുലുസെവസ്‌കി(13), ബൗണ്‍സി(78), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (88) എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.കുലുസെവസ്‌കിയുടെ ഗോളിന് റൊണാള്‍ഡോയാണ് അസിസ്റ്റ് നല്‍കിയത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വിജയപരമ്പര തുടര്‍ന്നു. ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെമ്പട തോല്‍പ്പിച്ചത്. വന്‍ താരനിരയുമായെത്തിയ ചെല്‍സിയെ ലിവര്‍പൂള്‍ നിഷ്പ്രഭരാക്കുകയായിരുന്നു. സാദിയോ മാനെയുടെ ഡബിള്‍ ഗോള്‍ നേട്ടമാണ് ലിവര്‍പൂളിന് അനായാസ ജയം നല്‍കിയത്. 50, 44 മിനിറ്റുകളിലായിരുന്നു മാനെയുടെ ഗോളുകള്‍. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ ബേണ്‍ലിയെ 4-2ന് തോല്‍പ്പിച്ചു. പോയിന്റ് നിലയില്‍ ലെസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.