റൊണാള്‍ഡോ യുവന്റസ് വിടുന്നു; ലക്ഷ്യം യുനൈറ്റഡോ പിഎസ്ജിയോ
സ്വന്തം ഇഷ്ടപ്രകാരമല്ല പോര്‍ച്ചുഗല്‍ താരം ക്ലബ്ബ് വിടുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണാ വൈറസ് മൂലം ഇറ്റലിയിലെ ഫുട്ബോള്‍ മേഖലയില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് റൊണോയ്ക്ക് തിരിച്ചടിയായത്.
റോം: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമല്ല പോര്‍ച്ചുഗല്‍ താരം ക്ലബ്ബ് വിടുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണാ വൈറസ് മൂലം ഇറ്റലിയിലെ ഫുട്ബോള്‍ മേഖലയില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് റൊണോയ്ക്ക് തിരിച്ചടിയായത്. കൊറോണാ മൂലം ഫുട്ബോള്‍ മല്‍സരങ്ങള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ സീരി എയില്‍ വമ്പന്‍ സാമ്പത്തിക ഇടിവാണ് ഉണ്ടായത്. ഇതില്‍ നിന്നും രക്ഷനേടാന്‍ സൂപ്പര്‍ താരത്തെ വില്‍ക്കാനാണ് യുവന്റസ് ഒരുങ്ങുന്നത്. മാര്‍ക്കയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ക്രിസ്റ്റിയെ വില്‍ക്കുന്നത് വഴി ഒരു പരിധി വരെ യുവന്റസിന് പിടിച്ചുനില്‍ക്കാമെന്നാണ് കരുതുന്നത്. നാല് മാസത്തെ ശമ്പളത്തിന്റെ 70 ശതമാനത്തോളം യുവന്റസ് താരങ്ങള്‍ കുറച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം റൊണാള്‍ഡോയ്ക്ക് ശബളം നല്‍കുകയെന്നതും യുവന്റസിന്റെ മുന്നിലെ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ക്ലബ്ബ് വന്‍ തുകയ്ക്ക് താരത്തെ വില്‍ക്കാനൊരുങ്ങുന്നത്. എന്നാല്‍ റൊണാള്‍ഡോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. തന്റെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡോ, ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്കോ ആയിരിക്കും താരം ചേക്കേറുക. റൊണാള്‍ഡോയുടെ താര മൂല്യം താങ്ങാവുന്ന ക്ലബ്ബ് നിലവില്‍ പിഎസ്ജിയാണ്. സ്ട്രൈക്കര്‍ നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നവരാണ്. ഇവരില്‍ ഒരാള്‍ ക്ലബ്ബ് വിടുന്ന പക്ഷം റൊണോയെ ക്ലബ്ബിലെത്തിക്കാനാണ് പിഎസ്ജിയുടെ മോഹം. രണ്ട് വര്‍ഷം മുമ്പാണ് റയല്‍ മാഡ്രിഡില്‍ നിന്നും റൊണാള്‍ഡോ ഇറ്റലിയിലേക്ക് ചേക്കേറിയത്. 35കാരനായ റൊണോയെ വേണ്ടെന്ന് ജര്‍മ്മന്‍ ഭീമന്‍മാരായ ബയേണ്‍ മ്യുണിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതാരങ്ങളെയാണ് ക്ലബ്ബിന് ആവശ്യമെന്നും റൊണാള്‍ഡോയെ പ്രായം തളര്‍ത്തിയെന്നുമാണ് ക്ലബ്ബിന്റെ പക്ഷം. ഇതിനെതിരേ താരം പ്രതികരിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു. നിലവില്‍ താരം പോര്‍ച്ചുഗലിലെ തന്റെ വീട്ടില്‍ ക്വാറന്റൈനിലാണ്.