സ്പാനിഷ് ലീഗ് കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ബാഴ്‌സലോണ

മൂന്ന് മല്‍സരങ്ങള്‍ ശേഷിക്കെ ഇന്ന് ലെവന്റെയെ 1-0ന് തോല്‍പ്പിച്ചതോടെയാണ് മെസ്സിയും കൂട്ടരും 26ാം തവണയും ലാലിഗാ കിരീടത്തില്‍ മുത്തമിട്ടത്. മെസ്സിയുടെ 10ാം സ്പാനിഷ് ലീഗ് കിരീടം കൂടിയാണിത്.

Update: 2019-04-28 02:14 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടത്തില്‍ ഒരിക്കല്‍കൂടി ബാഴ്‌സലോണന്‍ ആധിപത്യം. മൂന്ന് മല്‍സരങ്ങള്‍ ശേഷിക്കെ ഇന്ന് ലെവന്റെയെ 1-0ന് തോല്‍പ്പിച്ചതോടെയാണ് മെസ്സിയും കൂട്ടരും 26ാം തവണയും ലാലിഗാ കിരീടത്തില്‍ മുത്തമിട്ടത്. മെസ്സിയുടെ 10ാം സ്പാനിഷ് ലീഗ് കിരീടം കൂടിയാണിത്. 62ാം മിനിറ്റിലെ മെസ്സിയുടെ ഗോള്‍ തന്നെയാണ് ടീമിന് തുണയായത്. മെസ്സിയുടെ കരിയറിലെ 598ാം ഗോളിനാണ് ബാഴ്‌സയുടെ ഹോംഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.

ചാംപ്യന്‍സ് ലീഗ് സെമിക്ക് മുന്നോടിയായി മെസ്സി, ബുസ്‌കെറ്റ്‌സാ, പികെ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് കോച്ച് ടീമിനെ ഇറക്കിയത്. എന്നാല്‍, ലെവന്റെയ്‌ക്കെതിരേ ഗോള്‍ നേടാന്‍ ബാഴ്‌സലോണന്‍ ടീമിനായില്ല. പതിവുപോലെ മെസ്സിയെ രണ്ടാം പകുതിയില്‍ ഇറക്കുകയായിരുന്നു. ലിവര്‍പൂളിനെതിരായ ചാംപ്യന്‍സ് ലീഗ് സെമിക്ക് മുന്നോടിയായുള്ള കിരീടനേട്ടം കറ്റാലന്‍സ് ഉണര്‍വ് നല്‍കും. 35 മല്‍സരങ്ങളില്‍നിന്നായി ബാഴ്‌സയ്ക്ക് 83 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 74 പോയിന്റാണുള്ളത്.

ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയത് റയല്‍മാഡ്രിഡാണ്. റയല്‍ 33 തവണയാണ് കിരീടം നേടിയത്. ഇത്തവണ റയല്‍ മൂന്നാം സ്ഥാനത്താണ്. ഗെറ്റാഫെയാണ് നാലാം സ്ഥാനത്ത്. കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കിടെ ബാഴ്‌സയുടെ എട്ടാം ലീഗ് കിരീട നേട്ടം കൂടിയാണിത്. ക്ലബ് ഫുട്‌ബോളിലെ 34ാം കിരീടനേട്ടവും. ലിവര്‍പൂളിനെതിരായ ബാഴ്‌സയുടെ സെമി പോരാട്ടം ബുധനാഴ്ചയാണ്. 

Tags:    

Similar News