അല്‍ അഹ്‌ലിയിലേക്ക് സെന്റ് മാക്‌സിമനും; സൗദി പ്രോ ലീഗ് ഇത്തവണ ഒരുങ്ങി തന്നെ
21 അസിസ്റ്റുകള്‍ നല്‍കുകയും 13 തവണ ഗോള്‍ നേടുകയും ചെയ്തു.
റിയാദ്: ന്യൂകാസില്‍ യുണൈറ്റഡ് വിംഗര്‍ അലന്‍ സെന്റ്-മാക്‌സിമിന്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍-അഹ്ലിയില്‍ എത്തി. ഇതു സംബന്ധിച്ച് ഇനി ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരും. കഴിഞ്ഞ ആഴ്ച തന്നെ മാക്‌സിമിന്‍ അല്‍ അഹ്‌ലിയില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ന്യൂകാസില്‍ യുണൈറ്റഡ് പ്രീസീസണ്‍ മത്സരങ്ങളില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. മഹ്‌റസിനു പിന്നാലെ മാക്‌സിമിന്‍ കൂടെ എത്തുന്നതോടെ അല്‍ അഹ്‌ലിയുടെ വിങ്ങുകള്‍ ലോകത്തെ ഏത് ക്ലബ്ബിനെയും ഭയപ്പെടുത്തുന്നതാകും.
ന്യൂകാസില്‍ ആരാധകരുടെ ഇഷ്ട താരങ്ങളില്‍ ഒരാള്‍ ആയിരുന്നു മാക്‌സിമിന്‍. 40 മില്യണു മുകളില്‍ ഒരു ട്രാന്‍സ്ഫര്‍ തുക മാക്‌സിനിനായി ന്യൂകാസില്‍ യുണൈറ്റഡിന് ലഭിക്കും.. 2019ല്‍ ഫ്രഞ്ച് ക്ലബായ നീസില്‍ നിന്ന് ആയിരുന്നു താരം ന്യൂകാസിലില്‍ ചേര്‍ന്നത്. ഇതുവരെ ന്യൂകാസിലിനായി 124 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 21 അസിസ്റ്റുകള്‍ നല്‍കുകയും 13 തവണ ഗോള്‍ നേടുകയും ചെയ്തു.
അതിനിടെ, ലിവര്‍പൂളിന്റെ ഒരു മധ്യനിര താരം കൂടെ സൗദി പ്രോ ലീഗില്‍ എത്തും. ബ്രസീലിയന്‍ മിഡ്ഫീല്‍ഡറായ ഫാബിഞ്ഞോയെ അല്‍ ഇത്തിഹാദ് സ്വന്തമാക്കിയിരിക്കുകയാണ്. ലിവര്‍പൂളും ഇത്തിഹാദും തമ്മില്‍ കരാര്‍ ചര്‍ച്ചകളില്‍ പൂര്‍ണ്ണമായ ധാരണയില്‍ എത്തി എന്‍ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. 29 കാരനായ താരത്തിനായി സൗദി പ്രോ ലീഗ് ക്ലബ് 40 മില്യണ്‍ പൗണ്ട് ആണ് ട്രാന്‍സ്ഫര്‍ തുകയായി നല്‍കുന്നത്. 2018 മുതല്‍ ഫാബിഞ്ഞോ ലിവര്‍പൂള്‍ ടീമിന്റെ പ്രധാന ഭാഗമാണ്. പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും അടക്കം 7 കിരീടങ്ങള്‍ താരം ലിവര്‍പൂളിനൊപ്പം നേടിയിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് ഫാബിഞ്ഞോ ഇത്തിഹാദില്‍ ഒപ്പുവെച്ചത്. മെഡിക്കല്‍ എല്ലാം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത ദിവസം തന്നെ ഫാബിഞ്ഞോ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിക്കും.അതിനിടെ സൗദി അറേബ്യന്‍ വമ്പന്‍മാരായ അല്‍ അഹ്‌ലി അവരുടെ പുതിയ പരിശീലകനെ നിയമിച്ചു. മൂന്ന് വര്‍ഷത്തെ കരാറില്‍ മുന്‍ സാല്‍സ്ബര്‍ഗ് ബോസ് മത്തിയാസ് ജെയ്‌സലിനെ ആണ് ജിദ്ദ ആസ്ഥാനമായുള്ള അല്‍ അഹ്ലി സ്വന്തമാക്കിയത്. കരാറിലായിരിക്കെ ഒരു പുതിയ ക്ലബ്ബുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതിന് 35-കാരനായ ജെയ്സലിനെ സാല്‍സ്ബര്‍ഗ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച യുവ മാനേജര്‍മാരില്‍ ഒരാളാണ് ജെയ്സല്‍. 2021-ല്‍ സാല്‍സ്ബര്‍ഗിന്റെ ചുമതല ഏറ്റ ശേഷം രണ്ട് ഓസ്ട്രിയന്‍ ബുണ്ടസ്ലിഗ കിരീടങ്ങളും ഒരു ആഭ്യന്തര കപ്പും സാല്‍സ്ബര്‍ഗില്‍ അദ്ദേഹം നേടി.
മുന്‍ ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ, മുന്‍ ചെല്‍സി ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി, മാഞ്ചസ്റ്റര്‍ സിറ്റി വിട്ട റിയാദ് മഹ്‌റസ് തുടങ്ങിയ വന്‍ സൈനിംഗുകള്‍ നടത്തി അല്‍ അഹ്ലി പുതിയ സീസണ് ഒരുങ്ങി കഴിഞ്ഞു.