ഖത്തറില്‍ ഇന്ന് രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കം
ഗ്രൂപ്പ് എയില്‍ നടക്കുന്ന മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ സെനഗലിനെ നേരിടും.
ഖത്തര്‍ ലോകകപ്പിലെ രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഗ്രൂപ്പ് എയും ബിയുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് ബിയില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഇറാന്‍ വെയ്ല്‍സുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 3.30നാണ് മല്‍സരം. ആദ്യ മല്‍സരത്തില്‍ വെയ്ല്‍സ് അമേരിക്കയോട് 1-1 സമനില പിടിച്ചിരുന്നു. ഇറാനാവട്ടെ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനോട് 6-2ന്റെ തോല്‍വി വഴങ്ങിയാണ് വരുന്നത്. ഇറാനെ പരാജയപ്പെടുത്തി ഗ്രൂപ്പിലെ രണ്ടാം സ്ഥാനം നിലനിര്‍ത്തുകയാണ് വെയ്ല്‍സിന്റെ ലക്ഷ്യം. ഇതേ ഗ്രൂപ്പില്‍ ഇന്ന് അര്‍ദ്ധരാത്രി 12.30ന് നടക്കുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് അമേരിക്കയുമായി ഏറ്റുമുട്ടും. ആദ്യ മല്‍സരത്തിലെ കൂറ്റന്‍ ജയം തുടര്‍ന്ന് ഗ്രൂപ്പിലെ ഒന്നാം തന്നെ നിലനിര്‍ത്തുക തന്നെയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.
ഗ്രൂപ്പ് എയില്‍ നടക്കുന്ന മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ സെനഗലിനെ നേരിടും. വൈകിട്ട് 6.30നാണ് മല്‍സരം. ഖത്തര്‍ ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. സെനഗലാവട്ടെ നെതര്‍ലന്റസിനോടും രണ്ട് ഗോളിന് പരാജയപ്പെട്ടാണ് വരുന്നത്. ആദ്യ ജയം തേടിയാണ് ഇരുവരും ഇറങ്ങുന്നത്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഒരു ജയം അത് തന്നെയാണ് ഖത്തറിന്റെ ആദ്യ പരിഗണന. സാദിയോ മാനെയുടെ അഭാവം കഴിഞ്ഞ മല്‍സരത്തില്‍ സെനഗലിനെ കാര്യമായി വേട്ടയാടിയിരുന്നു. ഫിനിഷിങിലെ അപകാത പരിഹരിച്ച് ഖത്തറിനെ വീഴ്ത്താനാണ് ആഫ്രിക്കന്‍ ശക്തികളുടെ മോഹം.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഓരോ ജയവുമായി നില്‍ക്കുന്ന നെതര്‍ലന്റസും ഇക്വഡോറും ഏറ്റുമുട്ടുന്നത് രാത്രി 9.30നാണ്. ജയിക്കുന്ന ടീമിന് അനായാസം ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തെത്താം. നെതര്‍ലന്റസ് ആദ്യ മല്‍സരത്തിലെ ഫോം തുടര്‍ന്നാല്‍ അവര്‍ക്ക് അനായാസം ജയിച്ചു കയറാം. ഇക്വഡോറിന്റെ ഖത്തറിനെതിരേയുള്ള ഫോം ഡച്ച് പടയ്ക്കെതിരേ പുറത്തെടുക്കാനാവുമോ എന്ന് കണ്ടറിയാം. ഡച്ചിന്റെ മികച്ച പ്രതിരോധം ലാറ്റിന്‍ അമേരിക്കന്‍ ടീമിന് തടസ്സമാവുമെന്നുറപ്പ്. എങ്കിലും അട്ടിമറികള്‍ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് പടയെ തുരത്തി ഒന്നാം സ്ഥാനത്ത് ഇക്വഡോര്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.