രണ്ട് സ്വീഡിഷ് ആരാധകര്‍ വെടിയേറ്റു മരിച്ചു; ബെല്‍ജിയം-സ്വീഡന്‍ യൂറോ യോഗ്യതാമത്സരം ഉപേക്ഷിച്ചു

Update: 2023-10-17 05:09 GMT

ബ്രസെല്‍സ് (ബെല്‍ജിയം): തിങ്കളാഴ്ച ബ്രസെല്‍സില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സ്വീഡിഷ് ഫുട്ബോള്‍ ആരാധകര്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ബെല്‍ജിയവും സ്വീഡനും തമ്മില്‍ നടന്ന യൂറോ 2024 യോഗ്യതാ മത്സരം ഉപേക്ഷിച്ചു. ആദ്യ പകുതി പിന്നിട്ട ശേഷമാണ് മത്സരം ഉപേക്ഷിക്കുന്നതായി അറിയിപ്പ് വന്നത്. ഇതോടെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആരാധകരോട് മത്സരം നടന്ന കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തിനുള്ളില്‍ തന്നെ തുടരാന്‍ ബെല്‍ജിയം പോലിസ് ആവശ്യപ്പെട്ടു. സംഭവം തീവ്രവാദി ആക്രമണമാണെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരു ടീമുകളുമായും പ്രാദേശിക പോലിസ് അധികാരികളുമായും കൂടിയാലോചിച്ചതിന് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്.മത്സരം നടന്ന കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ബോലെവാര്‍ഡ് ഡിപ്രെസിന് സമീപമാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വീഡന്റെ ഫുട്ബോള്‍ ജേഴ്സി ധരിച്ചിരുന്ന രണ്ട് പേരാണ് വെടിയേറ്റ് മരിച്ചതെന്ന് ഡച്ച് മാധ്യമമായ ഹെറ്റ് ലാറ്റ്‌സ്റ്റെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാളാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അറിയിച്ചു. ആദ്യപകുതി പിന്നിട്ടതിനു പിന്നാലെ സംഭവം അറിഞ്ഞ സ്വീഡിഷ് താരങ്ങള്‍ മത്സരം തുടരാന്‍ വിസമ്മതിക്കുകയായിരുന്നു.






Tags:    

Similar News