ലോകകപ്പ്; എമിലിയാനോ രക്ഷകന്‍; ഹോളണ്ട് വെല്ലുവിളി അതിജീവിച്ച് അര്‍ജന്റീന സെമിയില്‍
വെഗോര്‍സ്റ്റ് ആണ് ഇരട്ടഗോള്‍ നേടി ഓറഞ്ച് പടയെ മല്‍സരത്തിലേക്ക് തിരിച്ചെത്തിയത്.
ദോഹ: ബ്രസീലിനെ ക്വാര്‍ട്ടറില്‍ വേട്ടയാടിയ നിര്‍ഭാഗ്യത്തില്‍ നിന്ന് രക്ഷപ്പെട്ട് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ സെമിയിലേക്ക് കയറി. ക്വാര്‍ട്ടറില്‍ നെതര്‍ലന്റസിനോട് നടന്ന ഡൂ ആര്‍ ഡൈ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് വാമോസിന്റെ ജയം. എമിലിയാനോ മാര്‍ട്ടിന്‍സ് എന്ന ഗോള്‍കീപ്പര്‍ വീണ്ടും നീലപ്പടയുടെ രക്ഷകനാവുകയായിരുന്നു. ഡച്ച് നായകന്‍ വിര്‍ജില്‍ വാന്‍ഡെക്ക്, ബെര്‍ഗ്യൂസ് എന്നിവരുടെ ഷോട്ടുകളാണ് എമി തടുത്തിട്ട് അര്‍ജന്റീനയ്ക്ക് സെമി ടിക്കറ്റ് നേടികൊടുത്തത്. സെമിയില്‍ ക്രൊയേഷ്യയാണ് വാമോസിന്റെ എതിരാളി. മെസ്സി, ലിയാന്‍ഡ്രോ പെരെഡെസ്, ഗോണ്‍സാലോ മോണ്ടിയല്‍, ലൗട്ടാറോ മാര്‍ട്ടിന്‍സ് എന്നിവര്‍ അര്‍ജന്റീനയ്ക്കായി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. നെതര്‍ലന്റസിനായി ടിയൂന്‍, കൂപ്പമെയ്‌നേഴ്‌സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവരും സ്‌കോര്‍ ചെയ്തു.
ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന മല്‍സരമായിരുന്നു. 35ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്ന് മൊളീനയാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് 73ാം മിനിറ്റില്‍ മെസ്സി പെനാല്‍റ്റിയിലൂടെ വാമോസിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഡച്ച് ടീം പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. 83ാം മിനിറ്റിലും ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലുമായി അവര്‍ തിരിച്ചടിച്ചു. വെഗോര്‍സ്റ്റ് ആണ് ഇരട്ടഗോള്‍ നേടി ഓറഞ്ച് പടയെ മല്‍സരത്തിലേക്ക് തിരിച്ചെത്തിയത്.
തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് മല്‍സരം നീളുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും ഇരുടീമും ഒപ്പത്തിനൊപ്പം. ആദ്യ ക്വാര്‍ട്ടറിനെ പോലെ രണ്ടാം ക്വാര്‍ട്ടറും ഷൂട്ടൗട്ടിലേക്ക്. ആദ്യ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയ്ക്ക് ലിവാകോവിച്ച് എന്ന ഗോള്‍ കീപ്പര്‍ ഭാഗ്യം കൊണ്ടുവന്നുപ്പോള്‍ രണ്ടാം ക്വാര്‍ട്ടറില്‍ എമിലിയാനോയാണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്. പതിവു പോലെ മെസ്സി തന്നെയായിരുന്നു അര്‍ജന്റീനയുടെ വിജയത്തിന് ചുക്കാന്‍പിടിച്ചത്.