ന്യൂഡല്‍ഹി: ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്ക് വീണ്ടും തിരിച്ചടി. ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും താരത്തെ സസ്പെന്‍ഡ് ചെയ്തു. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാതത്തിലാണ് നടപടി. ഈ വര്‍ഷം അവസാനം വരെയാണ് സസ്പെന്‍ഷന്‍ കാലാവധി. നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ സമിതി ബജ്റംഗ് പൂനിയയെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പുനിയയുടെ വിദേശ പരിശീലനത്തിനുവേണ്ടി 9 ലക്ഷം രൂപ അനുവദിച്ചിരുന്നു. സസ്പെന്‍ഷന്‍ നടപടിയെക്കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബജ്റംഗ് പുനിയ പിടിഐയോട് പ്രതികരിച്ചു.
ഒളിംപിക്‌സ് മത്സരങ്ങള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കവെയാണ് ഗുസ്തി താരത്തിനുമേല്‍ തുടര്‍ച്ചയായുള്ള നടപടികള്‍. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പുനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ നടപടി.
മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിനിടെ പുനിയ സാമ്പിള്‍ നല്‍കിയിരുന്നില്ല. സസ്‌പെന്‍ഷന്‍ നിലവിലുള്ള കാലയളവില്‍ പുനിയയ്ക്ക് ഒരു ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാനാകില്ല. സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്ന പക്ഷം ഒളിമ്പിക്‌സിനുള്ള വരാനിരിക്കുന്ന ട്രയല്‍സിലും പുനയയ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് ബജ്‌റംഗ് പുനിയ.