ഇന്ത്യയുടെ ശ്രമങ്ങള്‍ വിഫലം; വിനേഷിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി

Update: 2024-08-07 13:16 GMT

പാരീസ്: പാരീസ് ഒളിംപിക്‌സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ പ്രതീക്ഷകള്‍ പോലും അവസാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലുള്ള ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷ പി ടി ഉഷയെ ഫോണില്‍ ബന്ധപ്പെട്ട് വിനേഷിന്റ അയോഗ്യത നീക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇത്തരം ശ്രമങ്ങള്‍ ഉണ്ടായോ എന്ന് വ്യക്തമല്ല. വിനേഷിനെ അയോഗ്യയാക്കിയ കാര്യം ഐഒസി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇനി അത്തരം സാധ്യതകളൊന്നും അവശേഷിക്കുന്നില്ല.

വിനേഷിനെ അയോഗ്യയാക്കിയതോടെ ഫൈനലില്‍ എത്തിയ സാറ ഹില്‍ഡെബ്രാന്‍ഡ് സ്വര്‍ണം നേടുമെന്ന് നേരത്തെ അറിയിച്ചിരുന്നതിലും മാറ്റമുണ്ട്. ഫൈനല്‍ മത്സരം ഇന്ന് രാത്രി ഉണ്ടാകുമെന്നും സെമിയില്‍ വിനേഷ് തോല്‍പിച്ച ക്യൂബന്‍ താരം യൂസ്‌നെലിസ് ഗുസ്മാന്‍ ലോപ്പസ് ഫൈനലില്‍ സാറ ഹില്‍ഡെബ്രാന്‍ഡിനെ നേരിടുമെന്നും ഐഒസി വ്യക്തമാക്കിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ വിനേഷ് തോല്‍പ്പിച്ച യുക്രൈന്‍ താരം ഒസ്‌കാന ലിവാച്ച് വെങ്കല മെഡല്‍ പോരാട്ടത്തിനുള്ള റെപ്പഷാഗ് മത്സരത്തിനും യോഗ്യത നേടി.

പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.




Tags:    

Similar News