തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും മെഡല്‍; അപൂര്‍വ്വ നേട്ടവുമായി സിന്ധു

കൂടാതെ രണ്ട് ഒളിംപിക്‌സില്‍ ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ലോകത്തെ ആദ്യ താരമെന്ന റെക്കോഡും സിന്ധു സ്വന്തമാക്കി.

Update: 2021-08-01 13:42 GMT


ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലിന് പി വി സിന്ധു അര്‍ഹയായി. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ 21-13, 21-15 സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.

തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയാണ് സിന്ധു നേടിയത്. കൂടാതെ രണ്ട് ഒളിംപിക്‌സില്‍ ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ലോകത്തെ ആദ്യ താരമെന്ന റെക്കോഡും സിന്ധു സ്വന്തമാക്കി. റിയോ ഒളിംപിക്‌സില്‍ സിന്ധു വെള്ളി മെഡല്‍ നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ താരം തോറ്റിരുന്നു. തുടക്കം മുതലേ സിന്ധു മല്‍സരത്തില്‍ ആധിപത്യം നേടുകയായിരുന്നു. എളുപ്പത്തില്‍ താരം ആദ്യ മൂന്ന് പോയിന്റുകള്‍ നേടിയിരുന്നു. പിന്നീട് വന്‍ തിരിച്ചുവരവ് നടത്തി ചൈനീസ് താരം 5-5ന് ഒപ്പത്തിനൊപ്പമെത്തിയിരുന്നു. എന്നാല്‍ സിന്ധു അടുത്ത ഗെയിമില്‍ തിരിച്ചടിച്ചു. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും സിന്ധു ആധിപത്യം നേടി. ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റില്‍ ചൈനീസ് താരത്തിന്റെ തെറ്റുകള്‍ മനസ്സിലാക്കി സിന്ധു കുതിച്ചു. എന്നാല്‍ ഒരു വേള രണ്ടാം സെറ്റില്‍ ഇരുവരും 11-11 എന്ന നിലയിലായി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത സിന്ധു തകര്‍പ്പന്‍ ഫോമില്‍ രണ്ടാം സെറ്റ് 21-15ന് നേടി.




Tags:    

Similar News