ഫര്‍ഹാന ഫാത്തിമ
2022 കായിക ലോകത്തിന് എന്നും ഓര്‍മ്മിക്കാന്‍ ഒരു പിടി നല്ല ഓര്‍മ്മകളുമായാണ് അവസാനിച്ചത്.ഇതോടൊപ്പം ഇതിഹാസ താരങ്ങളുടെ വിടവാങ്ങലും ആരാധകര്‍ക്ക് വേദന നല്‍കി. പോയവര്‍ഷത്തെ കായിക ലോകത്തെ നേട്ടങ്ങളും നഷ്ടങ്ങളും നോക്കാം.
2022 ചരിത്രത്തില്‍ ഇന്നും ഓര്‍മ്മിക്കുക അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ലോകകപ്പ് നേട്ടത്തോടെ ആയിരിക്കും. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാമോസിന്റെ കിരീട നേട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ കിരീടം നേട്ടം. കിലിയന്‍ എംബാപ്പെ എന്ന ഫ്രഞ്ച് താരം ഫൈനലില്‍ ഹാട്രിക്ക് നേടി ലോക ഫുട്‌ബോളിലെ ഭാവി വാഗ്ദാനം എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് എന്ന പദവി ഖത്തര്‍ നേടിയതും പോയവര്‍ഷത്തെ പ്രധാന . മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്കാ മൊഡ്രിച്ച്, തോമസ് മുള്ളര്‍, ലൂയിസ് സുവാരസ്, ലെവന്‍ഡോസ്‌കി, ഡാനി ആല്‍വ്‌സ്, സെര്‍ജിയോ റാമോസ്, പെപ്പെ എന്നീ സൂപ്പര്‍ താരങ്ങളുടെ അവസാന ലോകകപ്പായിരുന്നു ഖത്തറിലേതെന്നും ചരിത്രം 2022നെ സാക്ഷ്യപ്പെടുത്തും. ഫ്രഞ്ച് ഫുട്‌ബോള്‍ താരം കരീം ബെന്‍സിമയ്ക്കായിരുന്നു ഇത്തവണത്തെ ബാലണ്‍ ഡിഓര്‍ പുരസ്‌കാരം. പുരസ്‌കാരം നേട്ടം ആരാധകര്‍ക്ക് സന്തോഷം നല്‍കിയെങ്കിലും ഖത്തര്‍ ലോകകപ്പില്‍ പരിക്ക് വില്ലനായ ബെന്‍സിമ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. കേരളത്തിന്റെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയ ഒന്നായിരുന്നു 2022ലെ സന്തോഷ് ട്രോഫി നേട്ടം. ബംഗാളിനെ ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു കേരളത്തിന്റെ നേട്ടം.
ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മരണമാണ് 2022ലെ ഏറ്റവും വലിയ നഷ്ടം. ഡിസംബര്‍ 28ന് അര്‍ദ്ധരാത്രിയായിരുന്നു 82കാരനായ പെലെയുടെ മരണം. ദീര്‍ഘകാലമായി ക്യാന്‍സര്‍ ബാധിതനായിരുന്നു.
ട്വന്റി-20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് നേടിയതാണ് ക്രിക്കറ്റ് ലോകത്തെ പോയവര്‍ഷത്തെ പ്രധാന നേട്ടം. പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ആയിരുന്നു ഇംഗ്ലണ്ടിന്റെ കിരീട നേട്ടം. ക്രിക്കറ്റ് ലോകത്തെ പ്രധാന നഷ്ടങ്ങള്‍ സ്പിന്‍ മാന്ത്രികന്‍ ഷെയിന്‍ വോണ്‍, ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സ് എന്നിവരുടെ മരണമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വോണിന്റെ മരണം. കാറപകടത്തെ തുടര്‍ന്നാണ് സൈമണ്‍സ് മരണം വരിച്ചത്.
ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡററുടെ 20 ഗ്രാന്‍സ്ലാം കിരീടം എന്ന റെക്കോഡ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ തകര്‍ത്താണ് ടെന്നിസ് ലോകത്തെ സുപ്രധാന നേട്ടം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തോടെയാണ് നദാല്‍ ഫെഡററുടെ റെക്കോഡ് തകര്‍ത്തത്. ഫൈനലില്‍ റഷ്യയുടെ ഡാനിയേല്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് നേട്ടം. 2022 ലെ ഫ്രഞ്ച് ഓപ്പണും നദാലിന് സ്വന്തമായിരുന്നു. നോര്‍വേയുടെ കാസ്പര്‍ റൂഡിനെയാണ് നദാല്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.നദാലിന്റെ 14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. 22 ഗ്രാന്‍സ്ലാം എന്ന നേട്ടമാണ് നദാലിന് സ്വന്തമായത്.
സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിനായിരുന്നു ഇത്തവണത്തെ വിംബിള്‍ഡണ്‍ കിരീടം. ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗോയിസിനെ വീഴ്ത്തിയാണ് നേട്ടം. ജോക്കോവിച്ചിന്റെ 20ാം ഗ്രാന്‍സ്ലാം നേട്ടമാണ്. റോജര്‍ ഫെഡറര്‍, വനിതാ സിംഗിള്‍സ് ഇതിഹാസ താരം വീനസ് വില്ല്യംസ് എന്നിവര്‍ ടെന്നിസ് ലോകത്ത് നിന്ന് വിരമിച്ചതും ഈ വര്‍ഷം തന്നെയായിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ഫൈനലില്‍ ഓസ്‌ട്രേലിയ എതിരില്ലാത്ത ഏഴ് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു.
ഫോര്‍മുല വണ്ണിന്റെ പോയ വര്‍ഷം റെഡ്ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പിന് സ്വന്തമായിരുന്നു. നിരവധി ഗ്രാന്‍പ്രീയില്‍ താരം വേഗരാജാവായി. 2022ലെ ലോക ചാംപ്യന്‍ഷിപ്പ് നേടിയ വെര്‍സ്റ്റപ്പന്‍ ലൂയിസ് ഹാമില്‍ട്ടണിന്റെ നിരവധി റെക്കോഡുകളും ഈ സീസണില്‍ പിന്തള്ളി.
നിരവധി ഞെട്ടിക്കുന്ന ഫലങ്ങള്‍ക്കാണ് എംഎംഎ ഈ വര്‍ഷം സാക്ഷിയായത്. കമറു ഉസ്മാന്റെ 15മല്‍സരങ്ങളുടെ അപരാജിത കുതിപ്പിന് ബ്ലോക്കിട്ടത് ലിയോണ്‍ എഡ്വേര്‍ഡ്‌സ് ആയിരുന്നു. യുഎഫ്‌സി വെല്‍റ്റര്‍വെയ്റ്റ് ചാംപ്യന്‍ഷിപ്പും ഇത്തവണ എഡ്വേര്‍ഡ്‌സിനായിരുന്നു.
ബാഡ്മിന്റണിലെ പ്രധാന കിരീടമായ തോമസ് കപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ കിരീടം നേടിയതും ഈ വര്‍ഷമായിരുന്നു.
ലോക അത്‌ലറ്റിക്ക് മീറ്റില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ജാവ്‌ലിനില്‍ വെള്ളി നേടി. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മലയാളി താരം എല്‍ദോസ് പോള്‍ സ്വര്‍ണ്ണവും അബ്ദുല്ലാ അബൂബക്കര്‍ വെള്ളി നേടിയതും കേരളത്തിന്റെ 2022ലെ അഭിമാന നിമിഷമായിരുന്നു.
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ടെന്നിസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെ കരുതല്‍ തടങ്കിലാക്കിയതും ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ യുനൈറ്റഡും പോര്‍ച്ചുഗല്‍ ദേശീയ ടീമും അവഗണിച്ചതും ഇന്ത്യന്‍ ഫുട്‌ബോളിലെ അഴിമതിയെ തുടര്‍ന്ന് ഫിഫ ഇന്ത്യന്‍ ഫുട്‌ബോളിനെ വിലക്കിയത് 2022ലെ കായിക ലോകത്തെ പ്രധാന വിവാദങ്ങളായിരുന്നു.