10 മാസത്തിന് ശേഷം അന്‍സു ഫാത്തി ബാഴ്‌സാ സ്‌ക്വാഡില്‍
ലീഗില്‍ ടോപ് ഗോള്‍ സ്‌കോറര്‍ പദവിയില്‍ നില്‍ക്കുമ്പോഴാണ് ഫാത്തിയുടെ കാലിന് പരിക്കേല്‍ക്കുന്നത്.
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ നില പരുങ്ങലില്‍ ആയ ബാഴ്‌സലോണാ സ്‌ക്വാഡിന് ആശ്വാസമായി അന്‍സു ഫാത്തിയുടെ തിരിച്ചുവരവ്. 10മാസങ്ങള്‍ക്ക് ശേഷമാണ് ബാഴ്‌സയുടെ വണ്ടര്‍കിഡ് തിരിച്ചെത്തുന്നത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് താരം ടീമിന് പുറത്തായത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്കും വിധേയനായിരുന്നു. രണ്ട് ദിവസം മുമ്പ് ഫാത്തി ടീമിനൊപ്പം പരിശീലനം നടത്തിയതായി ബാഴ്‌സ അറിയിച്ചു. നാളെ അര്‍ദ്ധരാത്രി ലെവന്റേയ്‌ക്കെതിരേ നടക്കുന്ന മല്‍സരത്തിനുള്ള സ്‌ക്വാഡില്‍ ഫാത്തി ഇടം നേടിയിട്ടുണ്ട്.
താരത്തെ സബ്സ്റ്റിറ്റിയൂട്ടായി ഇറക്കുമെന്നും ബാഴ്‌സലോണ അറിയിച്ചു. നിലവില്‍ ലാ ലിഗയില്‍ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയുമയി കറ്റാലന്‍സ് ഏഴാം സ്ഥാനത്താണ്. ഫോം നഷ്ടപ്പെട്ട ബാഴ്‌സയെ വിജയപതത്തിലേക്ക് എത്തിക്കാന്‍ അന്‍സു ഫാത്തിയെത്തുന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മെംഫിസ് ഡിപ്പേയ്‌ക്കൊപ്പം ഫാത്തി ഇറങ്ങുമ്പോള്‍ ബാഴ്‌സ പഴയ ഫോമിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞ സീസണിലാണ് താരം ബാഴ്‌സയുടെ സീനിയര്‍ ടീമിലേക്ക് ഇടം നേടിയത്. സീസണില്‍ ഫാത്തി മികച്ച ഫോമിലായിരുന്നു. കോച്ച് റൊണാള്‍ഡ് കോമാന്റെ ടീമിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു. ലീഗില്‍ ടോപ് ഗോള്‍ സ്‌കോറര്‍ പദവിയില്‍ നില്‍ക്കുമ്പോഴാണ് ഫാത്തിയുടെ കാലിന് പരിക്കേല്‍ക്കുന്നത്.
പ്രകടനം കൊണ്ട് ഭാവിയില്‍ മെസ്സിയേക്കാള്‍ കേമനാകുമെന്ന് ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ പ്രഖ്യാപിച്ച താരമാണ്. മെസ്സിയുടെ ഇതിഹാസ 11ാം നമ്പര്‍ ആണ് ഫാത്തിക്ക് നല്‍കുക. മെസ്സിയുടെ ബാഴ്‌സയിലെ വിടവ് നീക്കി കറ്റാലന്‍സിന് പുനര്‍ജന്‍മം ഏകാനാണ് ഫാത്തിയുടെ വരവ്.