മാഡ്രിഡ്: 16കാരനായ അന്‍സു ഫാത്തി ബാഴ്‌സലോണയിലെ തന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ഇന്ന് തന്റെ രണ്ടാം മല്‍സരത്തില്‍ ഒസാസുനയ്‌ക്കെതിരേയാണ് അന്‍സു ഫാത്തി തന്റെ ആദ്യഗോള്‍ നേടിയത്. ബാഴ്‌സലോണയ്ക്കായി ലാലിഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇനി ഫാത്തിക്ക് സ്വന്തം. സെമെഡോയുടെ പകരക്കാരനായാണ് ഫാത്തി രണ്ടാം പകുതിയില്‍ ഇറങ്ങിയത്. 51ാം മിനിറ്റിലാണ് തന്റെ റെക്കോഡ് ഗോള്‍ ഫാത്തി നേടിയത്. ഫാത്തി ഗോള്‍ നേടിയെങ്കിലും താരതമ്യേന ദുര്‍ബലരായ ഒസാസുനയോടെ 2-2 സമനില നേടിയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഏഴാം മിനിറ്റില്‍ റോബര്‍ട്ടോ ടോറസിലൂടെയാണ് ഒസാസുന ലീഡ് നേടിയത്. തുടര്‍ന്ന് ബാഴ്‌സയുടെ സമനില ഗോള്‍ പിറന്നത്് ഫാത്തിയിലൂടെയായിരുന്നു. തുടര്‍ന്ന് പകരക്കാരനായെത്തിയ ആര്‍തര്‍ 64ാം മിനിറ്റില്‍ കറ്റാലന്‍സിനെ മുന്നിലെത്തിച്ചു. എന്നാല്‍ 81ാം മിനിറ്റില്‍ ഒസാസുനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. തുടര്‍ന്ന് ആദ്യഗോള്‍ നേടിയ ടോറസ് വീണ്ടും ഒസാസുനയ്ക്കു വേണ്ടി സമനില ഗോള്‍ നേടി. ലീഗില്‍ മൂന്ന് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്‌സ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.