ജീവന്‍മരണ പോരാട്ടത്തിന് മെസ്സിയും സംഘവും ഇന്ന് പോളണ്ടിനെതിരേ
മെക്സിക്കോ-സൗദി മല്‍സരത്തിലെ വിജയികള്‍ക്ക് രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലേക്ക് കടക്കാം.
ഖത്തര്‍ ലോകകപ്പില്‍ ഇന്ന് അര്‍ജന്റീനയെ കാത്തിരിക്കുന്നത് ഫൈനലിനു മുമ്പുള്ള ഫൈനല്‍. ഗ്രൂപ്പ് സിയിലെ അവസാന മല്‍സരത്തിലാണ് അര്‍ജന്റീന ഇന്നിറങ്ങുന്നത്. എതിരാളികളാവട്ടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ പോളണ്ടും. ഒരു ജയവും ഒരു സമനിലയുമാണ് പോളണ്ടിനുള്ളത്. മെസ്സിപ്പടയ്ക്ക് കൈയിലുള്ളത് ഒരു ജയം മാത്രമാണ്. ആദ്യ മല്‍സരത്തില്‍ സൗദി അറേബ്യയോട് 2-1ന് മുട്ടുകുത്തിയ വാമോസ് ഡൂ ഓര്‍ ഡൈ പോരാട്ടത്തില്‍ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി തിരിച്ചുവരവ് നടത്തിയിരുന്നു. ആദ്യമല്‍സരത്തില്‍ ഏഷ്യന്‍ വമ്പന്‍മാരോട് തോറ്റ അര്‍ജന്റീന ലാറ്റിന്‍ അമേരിക്ക വൈരികളെ തകര്‍ത്തതോടെയാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
ഇപ്പോഴിതാ യൂറോപ്പിലെ പ്രമുഖരായ പോളണ്ടാണ് എതിര്‍പക്ഷത്ത്. കഴിഞ്ഞ മല്‍സരത്തില്‍ ലയണല്‍ മെസ്സിയുടെ ചിറകിലേറി തന്നെയാണ് നീലപ്പട ജയിച്ചത്. ഇത്തവണയും മെസ്സി ഫോം തുടര്‍ന്നാല്‍ സ്‌കലോണിയുടെ ടീം ജയിച്ചു കയറിയേക്കാം. ഗ്രൂപ്പ് സിയിലെ രണ്ട് മല്‍സരവും രാത്രി 12.30നാണ് നടക്കുന്നത്.
ഇന്ന് അര്‍ജന്റീനയ്ക്ക് സ്വന്തം മല്‍സരം ഫലം മാത്രം നോക്കിയാല്‍ പോരാ. ഗ്രൂപ്പിലെ അതിനിര്‍ണായകമായ സൗദി-മെക്സിക്കോ മല്‍സരവും ഗ്രൂപ്പ് സിയുടെ വിധി നിര്‍ണയിക്കും. അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത എങ്ങനെയെന്ന് നോക്കാം. ജയിച്ചാല്‍ മെസ്സിപ്പടയ്ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. അര്‍ജന്റീന-പോളണ്ട് മല്‍സരം സമനിലയിലായാല്‍ വീണ്ടും സൗദി-മെക്സിക്കോ മല്‍സര ഫലം നിര്‍ണായകമാവും. അര്‍ജന്റീന-പോളണ്ട് മല്‍സരം സമനിലയിലായാല്‍ പോളണ്ട് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും. മെക്സിക്കോ-സൗദി മല്‍സരത്തില്‍ സൗദി തോല്‍ക്കുകയോ സൗദി സമനില വഴങ്ങുകയോ ചെയ്താല്‍ വീണ്ടും ഗോള്‍ ശരാശരിയെ അടിസ്ഥാനപ്പെടുത്തിയാവും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുക. പോളണ്ട് അര്‍ജന്റീനയെ പരാജയപ്പെടുത്തിയാല്‍ വാമോസിന് ഖത്തറില്‍ നിന്നും മടക്ക ടിക്കറ്റെടുക്കാം. ഗ്രൂപ്പില്‍ പോളണ്ട് ഒന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കും. മെക്സിക്കോ-സൗദി മല്‍സരത്തിലെ വിജയികള്‍ക്ക് രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലേക്ക് കടക്കാം.
ഗ്രൂപ്പില്‍ ഇതേസമയം നടക്കുന്ന സൗദി-മെക്സിക്കോ മല്‍സരത്തില്‍ സൗദി വിജയിക്കുകയാണെങ്കില്‍ അവര്‍ക്ക് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി പ്രീക്വാര്‍ട്ടറില്‍ കയറാം. എന്നാല്‍ മെക്സിക്കോ സൗദിയെ പരാജയപ്പെടുത്തിയാല്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ പോളണ്ടോ മെക്സിക്കോയോ അടുത്ത റൗണ്ടില്‍ പ്രവേശിക്കും. സൗദി-മെക്സിക്കോ മല്‍സരം സമനിലയിലായാലും ഗോള്‍ ശരാശരി തന്നെയായിരിക്കും അടുത്ത റൗണ്ടിലേക്ക് കടക്കുന്നവരെ തീരുമാനിക്കുക. പോളണ്ടിനെതിരേ രണ്ട് മാറ്റങ്ങള്‍ക്ക് കോച്ച് സ്‌കലോണി മുതിര്‍ന്നേക്കും.
മെക്സിക്കോയ്ക്കെതിരേ പ്രതിരോധത്തില്‍ ഇറങ്ങിയ ഗോണ്‍സാലോ മോണ്ടീലിന് പകരം സൗദിക്കെതിരേ ഇറങ്ങിയ നെഹ്വല്‍ മൊളീന ടീമിലെത്തും. മധ്യനിരയില്‍ ഗുയൊ റോഡ്രിഗസിന് പകരം എന്‍സൊ ഫെര്‍ണാണ്ടസിനെ ഇറക്കും. എമിലിയാനോ മാര്‍ട്ടിനെസ്, നെഹ്വല്‍ മൊളീന, നിക്കോളസ് ഒറ്റമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സ്, മാര്‍ക്കോ അകൂന, റൊഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് അല്ലിസ്റ്റര്‍, എയ്ഞ്ചല്‍ ഡി മരിയ, ലൗട്ടേരോ മാര്‍ട്ടിന്‍സ്, ലയണല്‍ മെസ്സി എന്നിവരടങ്ങിയതാണ് അര്‍ജന്റീനയുടെ സാധ്യതാ ഇലവന്‍. മെക്സിക്കോയോട് സമനില വഴങ്ങിയ പോളണ്ട് സൗദിയ്ക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് നേടിയത്. റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയെന്ന ലോകോത്തര സ്‌ട്രൈക്കറും മെസ്സിയും നേര്‍ക്ക് നേര്‍ വരുന്ന മല്‍സരമായതിനാല്‍ ആവേശം വാനോളം ഉയരും. കഴിഞ്ഞ മല്‍സരത്തില്‍ 82ാം മിനിറ്റിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോള്‍.