ഫിഫാ അറബ് കപ്പിന് തുടക്കം; ഖത്തറിനും യുഎഇക്കും ജയം

ലോകകപ്പിന് വേദിയാവുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന മല്‍സരമായിരുന്നു ഇത്.

Update: 2021-12-01 08:56 GMT

ദുബയ്: ഫിഫയുടെ ആദ്യ പാന്‍ അറബ് കപ്പിന് തുടക്കമായി. 2022 ലോകകപ്പിന് വേദിയാവുന്ന ഖത്തറിലാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ലോകകപ്പിന് വേദിയാവുന്ന സ്റ്റേഡിയങ്ങളില്‍ നിന്നാണ് മല്‍സരം. കഴിഞ്ഞ ദിവസമാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറിയത്. രണ്ട് കോണ്‍ഫെഡറേഷനുകളില്‍ നിന്നായി 16 അറേബ്യന്‍ രാജ്യങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.


അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഗ്രൂപ്പ് ബിയില്‍ മൗറിത്താനിയയെ 5-1ന് തുണീഷ്യ പരാജയപ്പെടുത്തി.അല്‍ വക്രയിലെ അല്‍ ജനാബ് സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ഒമാന്‍ ഇറാഖിനെ 1-1 സമനിലയില്‍ പിടിച്ചു.


മറ്റൊരു മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ബഹ്‌റിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. 69ാം മിനിറ്റില്‍ അബ്ദുല്‍അസീസ് ഹാഥിം ഹെഡററിലൂടെയാണ് വിജയഗോള്‍ നേടിയത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലാണ് ഖത്തര്‍ ഫോമിലേക്കുയര്‍ന്നത്.മികച്ച അവസരങ്ങള്‍ ഖത്തര്‍ സൃഷ്ടിച്ചിരുന്നു. ലോകകപ്പിന് വേദിയാവുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന മല്‍സരമായിരുന്നു ഇത്. കാണികളാല്‍ നിറഞ്ഞ സ്റ്റേഡിയത്തിലാണ് മല്‍സരം അരങ്ങേറിയത്. 2004ന് ശേഷം ആദ്യമായാണ് ഖത്തര്‍ ബഹ്‌റിനെ തോല്‍പ്പിക്കുന്നത്.

മറ്റൊരു മല്‍സരത്തില്‍ യുഎഇ സിറിയയെ 2-1നും പരാജയപ്പെടുത്തി. ഗ്രൂപ്പ് എയില്‍ ഖത്തര്‍, ഇറാഖ്, ഒമാന്‍, ബഹ്‌റിന്‍ എന്നിവരും ഗ്രൂപ്പ് ബിയില്‍ തുണീഷ്യ, യുഎഇ, സിറിയ, മൗറിത്താനിയ എന്നിവരും ഗ്രൂപ്പ് സിയില്‍ മൊറോക്കോ, സൗദി അറേബ്യ, ജോര്‍ദ്ദാന്‍, ഫലസ്തീന്‍ എന്നിവരും ആഫ്രിക്കന്‍ ശക്തികളായ അള്‍ജീരിയ, ഈജിപ്ത്, ലബനന്‍, സുഡാന്‍ എന്നിവര്‍ ഗ്രൂപ്പ് ഡിയിലും അണിനിരക്കും. നാല് ഗ്രൂപ്പിലെ വിജയികളും റണ്ണറപ്പുകളും നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കും. ഖത്തറിന്റെ ദേശീയ ദിനമായ ഡിംസബര്‍ 18നാണ് ഫൈനല്‍. ലോകകപ്പ് നടക്കുന്ന ആറ് വേദികളും അറബ് കപ്പിനായി തുറന്നുകൊടുത്തിട്ടുണ്ട്.







Tags:    

Similar News