ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രം മാറ്റിയെഴുതുന്ന സുനില്‍ ഛേത്രി

അടുത്തിടെയാണ് ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ (77) റെക്കോഡ് ഛേത്രി പഴംങ്കഥയാക്കിയത്.

Update: 2021-11-04 11:30 GMT


ഏറെ ചരിത്രങ്ങള്‍ പറയാനില്ലാത്ത ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രം മാറ്റിയെഴുതുന്ന തിരിക്കിലാണ് ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിയെന്ന 37കാരന്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖമായ ഛേത്രിയിലൂടെയാണ് ഇന്ത്യ നേടിയ വിജയങ്ങളില്‍ 90 ശതമാനവും.ഇന്ന് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌നാ അവാര്‍ഡും താരത്തെ തേടി വന്നിരിക്കുന്നു. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് ബെംഗ്ലൂര്‍ എഫ്‌സി താരമായ ഛേത്രി. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഛേത്രിയെ പോലെ ഒരു താരം ഇതുവരെ വളര്‍ന്നിട്ടില്ല. നിലവില്‍ അന്താരാഷ്ട്ര ഗോള്‍ നേട്ടത്തില്‍ ലയണല്‍ മെസ്സിക്കൊപ്പമാണ് ഛേത്രിയുടെ സ്ഥാനം. ഗോള്‍ നേട്ടത്തിലൂടെയാണ് ഛേത്രി ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ പരിചയപ്പെടുത്തുന്നത്.ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ലോകത്തെ ആദ്യത്തെ 10 താരങ്ങളില്‍ ഛേത്രി ആറാമാനാണ്. ഇത് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടവും. ഛേത്രിയിലൂടെ ഇന്ത്യന്‍ ഫുട്‌ബോള്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്.


അടുത്തിടെയാണ് ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ (77) റെക്കോഡ് ഛേത്രി പഴംങ്കഥയാക്കിയത്. 80 ഗോള്‍ നേടിയ ഛേത്രിക്ക് മുന്നിലുള്ളത് ഫെരന്‍സ് പുസ്‌കാസ് (ഹംഗറി-84), മൊക്തര്‍ ദഹരി(മലേസ്യ-89), അലി ദെയ്(ഇറാന്‍-109), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(115) എന്നിവരാണ്. ഇതില്‍ നിലവില്‍ കളിക്കുന്ന താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ്. ശരീരം അനുവദിക്കുന്ന കാലത്തോളം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് ഛേത്രി പറയുമ്പോള്‍ താരം ഇതിഹാസ താരങ്ങളുടെ റെക്കോഡുകള്‍ പഴംങ്കഥയാക്കുമെന്ന് ഉറപ്പ്.


വെറും 125 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നാണ് ഛേത്രി 80 ഗോളുകള്‍ കരസ്ഥമാക്കിയത്. മെസ്സി 156 മല്‍സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗോള്‍ ശരാശരിയില്‍ മെസ്സിയും റൊണാള്‍ഡോയും ഛേത്രിക്ക് പിറകിലാണ്. ഏറെ നേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്ത ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുതൂണാണ് ഛേത്രി. ഛേത്രിയില്ലെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇല്ല.


ഏകദേശം 10 വര്‍ഷമായി ഇന്ത്യയ്ക്കായി ഒരേ ഫോമില്‍ സ്‌കോര്‍ ചെയ്യുന്നത് ഛേത്രിയാണ്. മെസ്സിയുടെ പന്തടക്കവും റൊണാള്‍ഡോയുടെ വേഗതയും ഛേത്രിക്കില്ല. എന്നാല്‍ പന്തിന്റെ ദിശയും ഗതിയും കണ്ടറിയാന്‍ ഛേത്രിയോളം കഴിവ് ലോക ഫുട്‌ബോളില്‍ കൈയില്‍ എണ്ണാവുന്ന പേര്‍ക്ക് മാത്രമാണ്. 2005ലാണ് താരം ആദ്യമായി ഇന്ത്യയ്ക്കായി കളിച്ചത്. ബെംഗളുരൂ എഫ് സി താരമായ ഛേത്രി ക്ലബ്ബിന് വേണ്ടിയും മിന്നും പ്രകടനമാണ് നടത്തുന്നത്. ലോക ഫുട്‌ബോള്‍ താരങ്ങളുടെ മികവുള്ള ഛേത്രി ഇടയ്ക്ക് പോര്‍ച്ചുഗ്രീസ് ലീഗിലും അമേരിക്കന്‍ സോക്കര്‍ ലീഗിലും കളിച്ചിരുന്നു. എന്നാല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് താരം ഇന്ത്യയിലേക്ക് തിരിച്ചുവരികയായിരുന്നു.


ഖേല്‍ രത്‌നാ പുരസ്‌കാരം ലഭിച്ച ത്രില്ലിലാണ് താരം. പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്ത എല്ലാവരോടും താരം നന്ദി പറഞ്ഞു. തന്നെ പിന്തുണച്ച കുടുംബം, സഹതാരങ്ങള്‍, കോച്ച് എന്നിവര്‍ക്കെല്ലാം ഛേത്രി നന്ദി പറഞ്ഞു.രാജ്യത്തിനായി ഇത്ര വര്‍ഷം ഫുട്‌ബോള്‍ കളിക്കാന്‍ കഴിഞ്ഞത് തന്നെ പുരസ്‌കാരത്തിന് തുല്ല്യമാണ്. വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ദിനംപ്രതി ഫുട്‌ബോള്‍ എന്ന കളിയെകൂറിച്ച് കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നേപ്പാള്‍ വംശജനായ ഛേത്രി പറയുന്നു.




Tags:    

Similar News