മെഡല്‍ മാത്രം ലക്ഷ്യം; സിന്ധുവിന് ഇന്ന് സെമി പോര്; എതിരാളി ഒന്നാം നമ്പര്‍ താരം

ഉച്ചയ്ക്ക് 3.20നാണ് മല്‍സരം.

Update: 2021-07-31 06:42 GMT


ടോക്കിയോ: ഇന്ത്യയ്ക്ക് ഇന്ന് ടോക്കിയോവില്‍ മെഡല്‍ പ്രതീക്ഷ. ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു ഇന്ന് സെമി പോരാട്ടത്തിനിറങ്ങും. ഉച്ചയ്ക്ക് 3.20നാണ് മല്‍സരം. തകര്‍പ്പന്‍ ഫോമുമായി അപരാജിത കുതിപ്പ് തുടരുന്ന സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്‌പേയുടെ തായ് സൂയിങാണ്. റിയോ ഒളിംപിക്‌സില്‍ നേടിയ വെള്ളി ഇക്കുറി സ്വര്‍ണ്ണമാക്കാനാണ് താരത്തിന്റെ മോഹം. എന്നാല്‍ സിന്ധുവിനെതിരേ തായ് സൂങിന് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ 18 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ജയം ചൈനീസ് താരത്തിനായിരുന്നു. അഞ്ച് തവണ സിന്ധു സൂങിനെതിരേ ജയിച്ചിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടമാണ് സൂങിന്റേത്. ഇവിടെ മല്‍സരിച്ചതില്‍ സിന്ധുവിനേക്കാള്‍ മേല്‍ക്കോയ്മയുള്ള ആദ്യ താരമാണ് സൂങ്.


റിയോ ഒളിംപിക്‌സില്‍ സൂങിനെതിരേ സിന്ധുവിനായിരുന്നു ജയം. എന്നാല്‍ അന്ന് സിന്ധു ആയിരുന്നു ഫോമില്‍. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സൂങ് ഒന്നാം നമ്പര്‍ താരമാണ്. ആക്രമണത്തിലൂന്നിയ നീക്കമായിരുന്നു അന്ന് സിന്ധു നടത്തിയത്.പിന്നീടങ്ങോട്ടെല്ലാം സൂങ് ആധിപത്യമായിരുന്നു. എന്നാല്‍ സമ്മര്‍ദ്ധങ്ങളെ അതിജീവിക്കാനുള്ള കരുത്താണ് സിന്ധുവിന്റെ മുഖമുദ്ര. മറ്റൊരു സെമിയില്‍ ഹി ബിംഗ്ലിയോ, ചെന്‍ യുഫെ എന്നിവര്‍ മല്‍സരിക്കും. ഇതുവരെ ടോക്കിയോവില്‍ ഒരു ഗെയിമും സിന്ധു നഷ്ടപ്പെടുത്തിയിട്ടില്ല എന്നത് തന്നെയാണ് താരത്തിന്റെ മികവ്. നിലയുറപ്പിച്ച് കളിക്കുന്ന സിന്ധു ഇന്ന് ആക്രമണം അഴിച്ചുവിട്ടാല്‍ സൂങിന് തോല്‍വി സമ്മതിക്കേണ്ടി വരും. ഇന്ത്യയില്‍ ഡി ഡി സ്‌പോര്‍ട്‌സ്, സോണി സ്‌പോര്‍ട്‌സ് എന്നീ ചാനലുകളില്‍ മല്‍സരങ്ങള്‍ കാണാം.




Tags:    

Similar News