പിഎസ്ജി താരങ്ങള്‍ക്ക് എന്തുപറ്റി; ഇങ്ങനെ പോയാല്‍ ലീഗ് കിരീടവും കൈവിടും

പിഎസ്ജിയും നെയ്മറിനെ വില്‍ക്കാനുള്ള തീരുമാനത്തിലാണ്.

Update: 2023-01-19 04:39 GMT


2023 ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളായിരുന്നു അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും. ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ബ്രസീലിയന്‍ ക്യാപ്റ്റന്‍ നെയ്മര്‍ ജൂനിയറും ക്ലാസിക്ക് ഫോമിലായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ മോശമല്ലാത്ത ഫോമില്‍ ലോകകപ്പില്‍ കളിച്ച താരങ്ങളാണ് അശ്റഫ് ഹക്കീമിയും മാര്‍ക്കിനോസും. അതേ, ഇവരെല്ലാം പിഎസ്ജിയുടെ സൂപ്പര്‍ താരങ്ങളാണ്. എന്നാല്‍ ലോകകപ്പിലെ ക്ലാസിക്ക് ഫോം പിഎസ്ജിക്കു വേണ്ടി പുറത്തെടുക്കാന്‍ ഇവര്‍ക്കാവുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം പിഎസ്ജി അടുത്തിടെ പരാജയപ്പെട്ടത് രണ്ട് മല്‍സരങ്ങളിലാണ്. പുതുവത്സര ദിവസം ഫ്രഞ്ച് ലീഗ് വണ്ണിലെ രണ്ടാം സ്ഥാനക്കാരായ ലെന്‍സിനോടായിരുന്നു തോല്‍വി. രണ്ടാം മല്‍സരം രണ്ട് ദിവസം മുമ്പ് ലീഗിലെ അഞ്ചാം സ്ഥാനക്കാരായ റെനീസിനോടും. ലോകകപ്പ് നേട്ടത്തിന്റെ ആഘോഷങ്ങള്‍ക്കായി അവധിയെടുത്ത മെസ്സിയും ലീഗ് വണ്ണിലെ ഒരു മല്‍സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെ തുടര്‍ന്ന് നെയ്മറും ഇല്ലാതെയായിരുന്നു ലെന്‍സിനെതിരേ പിഎസ്ജി ഇറങ്ങിയത്. കിലിയന്‍ എംബാപ്പെയെന്ന താരത്തിന് ഒറ്റയ്ക്ക് പിഎസ്ജിയെ വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് ലെന്‍സിനെതിരേയുള്ള മല്‍സരം ചൂണ്ടിക്കാട്ടുന്നുണ്ട്.



 അവധിക്ക് ശേഷം മെസ്സി എത്തിയ ആദ്യ മല്‍സരത്തില്‍ പിഎസ്ജി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാലത് ലീഗിലെ ഇത്തിരിക്കുഞ്ഞന്‍മാര്‍ക്കെതിരേ ആയിരുന്നു. ആ മല്‍സരത്തില്‍ എംബാപ്പെ ഇല്ലായിരുന്നു. എംബാപ്പെയും ഹക്കീമിയും അവധിയെടുത്ത് ആഘോഷത്തിലായിരുന്നു. തുടര്‍ന്ന് മെസ്സിയും എംബാപ്പെയും നെയ്മറും കളിച്ച മല്‍സരമാണ് റെനീസിനെതിരേ.



 

താരസമ്പന്നമായ പിഎസ്ജി നിര അന്ന് ഒരു ഗോളിന് തോറ്റു. ഒരു നിലവില്‍ വെറും മൂന്ന് പോയിന്റിന്റെ ലീഡാണ് പിഎസ്ജിയ്ക്കുള്ളത്. അതായത് ഏത് നിമിഷവും ലീഗിലെ ഒന്നാം സ്ഥാനം കൈവിടാം. ലോകകപ്പിന് ശേഷം നെയ്മറിന്റെ ഫോമാണ് ഏറ്റവും മോശമായി തുടരുന്നത്. താരത്തിന്റെ പ്രകടനത്തിനെതിരേ ആരാധകര്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. നെയ്മറിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് വരെ ആരാധകര്‍ ആവശ്യപ്പെടുന്നത്. പിഎസ്ജിയും നെയ്മറിനെ വില്‍ക്കാനുള്ള തീരുമാനത്തിലാണ്.



ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ എംബാപ്പെയുടെ ഫോമും ഭദ്രമല്ല. അവസാന മല്‍സരത്തില്‍ മികച്ച ഒരവസരം താരം നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.സൂപ്പര്‍ താരം മെസ്സി തിരിച്ചുവരവിന് ശേഷം ഒരു ഗോള്‍ നേടിയെങ്കിലും പിന്നീടുള്ള മല്‍സരത്തില്‍ വേണ്ടത്ര മികവ് പുറത്തെടുത്തിട്ടില്ല. മെസ്സിക്കെതിരേയും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ടീമില്‍ നിന്ന് പുറത്താക്കണമെന്നും ഒറ്റയ്ക്ക് കളി ജയിപ്പിക്കാനുള്ള മികവ് താരത്തിനില്ലെന്നുമാണ് ഫ്രഞ്ച് ആരാധകരുടെ ഭാഷ്യം.


 ടീമംഗങ്ങളുടെ സ്ഥരിതയില്ലായ്മ കോച്ച് ഗ്ലാറ്റിയര്‍ക്കാണ് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത്. ചാംപ്യന്‍സ് ലീഗ് എന്ന കിട്ടാക്കിരീടത്തിനായാണ് മെസ്സിയടക്കമുള്ള താരങ്ങളെ പിഎസ്ജി നിലനിര്‍ത്തുന്നത്. എന്നാലിപ്പോള്‍ ലീഗ് കിരീടം തന്നെ കൈവിട്ടേക്കുമെന്ന നിലയിലാണ്. മെസ്സിയും എംബാപ്പെയും എംബാപ്പെയും നെയ്മറും തമ്മിലുള്ള പടലപ്പിണക്കവും ടീമിന്റെ ഒത്തരുമയെ ബാധിക്കുന്നുണ്ടെന്നാണ് പുതിയ റിപോര്‍ട്ട്. പരിശീലന സെഷനില്‍ താരങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശീലനം നടത്തുന്നത്. മെസ്സിയും നെയ്മറും ഒരു തട്ടിലും എംബാപ്പെ, ഹക്കീമി, റാമോസ് എന്നിവര്‍ മറ്റൊരു തട്ടിലുമാണ് പരിശീലനം നടത്തുന്നത്.



 ടീമിനുള്ളിലെ മാനസിക ഐക്യമില്ലായ്മയാണ് ടീമിന്റെ ജയങ്ങളെ ബാധിക്കുന്നുണ്ട്. നിലവില്‍ മെസ്സി കരാര്‍ 2024 വരെ നീണ്ടിയിട്ടുണ്ട്. എംബാപ്പെയ്ക്ക് കരാറുണ്ടെങ്കിലും താരം പിഎസ്ജി വിടാനുള്ള മോഹത്തിലാണ്. നെയ്മറും ഉടന്‍ പുറത്തുപോവും. മെസ്സിയെയും എംബാപ്പെയെയും ഐക്യപ്പെടുത്തി ടീമിന്റെ സ്ഥിരത നിലനിര്‍ത്താനാണ് ഗ്ലാറ്റിയറുടെ തീരുമാനം. പിഎസ്ജിയെ പോലെ താരബാഹുല്യം ഇല്ലാത്ത ടീമുകളോടാണ് ടീമിന്റെ തോല്‍വി. ഇത് ഖത്തര്‍ ഭീമന്‍മാര്‍ക്ക് വന്‍ തിരിച്ചടി ആയിട്ടുണ്ട്. താരങ്ങള്‍ തമ്മില്‍ ഐക്യം നിലനിര്‍ത്തിയില്ലെങ്കില്‍ പിഎസ്ജി ഈ സീസണില്‍ ഒരു കിരീടമില്ലാതെ സീസണ്‍ അവസാനിപ്പിക്കേണ്ടി വരും.





Tags:    

Similar News