ഖത്തര്‍ ലോകകപ്പ് ടിക്കറ്റ്; പ്ലേ ഓഫിന് കാത്തുനില്‍ക്കുന്നവര്‍

യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ സെര്‍ബിയയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്താവുകയായിരുന്നു.

Update: 2021-11-17 14:11 GMT


2022 ഖത്തര്‍ ലോകകപ്പിലേക്കുള്ള യൂറോപ്പ്യന്‍ യോഗ്യത റൗണ്ട് ഇന്ന് അവസാനിച്ചപ്പോള്‍ 10 ടീമുകളാണ് ഗ്രൂപ്പ് ചാംപ്യന്‍മാരായി യോഗ്യത ഉറപ്പിച്ചത്. ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയം, നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ്, സ്‌പെയിന്‍, ലോകകപ്പ് റണ്ണേഴ്‌സ് അപ്പ് ക്രൊയേഷ്യ, മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ്, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, യൂറോ റണ്ണേഴ്‌സ് അപ്പ് ഇംഗ്ലണ്ട്, സെര്‍ബിയ എന്നിവരാണ് യൂറോപ്പില്‍ നിന്ന് നേരിട്ട ടിക്കറ്റ് എടുത്തത്.


ഹോളണ്ടും സെര്‍ബിയയും അവസാന മല്‍സരത്തിലൂടെ യോഗ്യത നേടിയപ്പോള്‍ ബാക്കിയുള്ള ടീമുകളെല്ലാം മുന്നേ യോഗ്യത ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും തിരിച്ചടി നേടിയത് യൂറോ കപ്പ് ജേതാക്കളായ ഇറ്റലിക്കാണ്. അവസാന മല്‍സരത്തില്‍ പരാജയപ്പെട്ട് ഇറ്റലിയുടെ യോഗ്യത നഷ്ടമാവുകയായിരുന്നു. ഇറ്റലിക്ക് ഇനി പ്ലേ ഓഫ് കളിച്ച് ജയിച്ചുവേണം യോഗ്യത നേടാന്‍. മറ്റൊരു വന്‍ തിരിച്ചടിയേറ്റത് പോര്‍ച്ചുഗലിനാണ്. യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ സെര്‍ബിയയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്താവുകയായിരുന്നു.


മുന്‍ യൂറോ, നേഷന്‍സ് കപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ ഖത്തറില്‍ ഉണ്ടാവുമോ എന്നറിയാന്‍ മാര്‍ച്ച് വരെ കാത്തുനില്‍ക്കണം. പ്ലേ ഓഫ് മല്‍സരങ്ങള്‍ മാര്‍ച്ചിലാണ് അരങ്ങേറുന്നത്. നവംബര്‍ 26നാണ് പ്ലേ ഓഫ് ഡ്രോ നടക്കുന്നത്. പ്ലേ ഓഫില്‍ നിന്ന് മൂന്ന് ടീമുകള്‍ക്കാണ് യോഗ്യത നേടാന്‍ കഴിയുക. സീഡ് ചെയ്ത രാജ്യങ്ങളായ പോര്‍ച്ചുഗല്‍, സ്‌കോട്ട്‌ലന്റ്, ഇറ്റലി, റഷ്യ, സ്വീഡന്‍, വെയ്ല്‍സ് എന്നിവരും സീഡ് ചെയ്യാത്ത തുര്‍ക്കി, പോളണ്ട്, നോര്‍ത്ത് മാസിഡോണിയ, ഉക്രെയ്ന്‍, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് എന്നിവരാണ് പ്ലേ ഓഫിലെത്തിയവര്‍. യുവേഫാ നാഷന്‍സ് ലീഗ് ഗ്രൂപ്പില്‍ റണ്ണേഴ്‌സ് അപ്പായ പോളണ്ട്, ഇംഗ്ലണ്ട്, നോര്‍ത്ത് മാസിഡോണിയാ, തുര്‍ക്കി, ഉക്രെയ്ന്‍, ചെക്ക് റിപ്പബ്ലിക്ക് എന്നീ ടീമുകള്‍ നേരത്തെ പ്ലേ ഓഫിനായി യോഗ്യത നേടിയിരുന്നു. ഇവര്‍ക്കൊപ്പം ഓസ്ട്രിയയും പ്ലേ ഓഫിനായി ഇറങ്ങും.


12 ടീമുകള്‍ ആറ് സെമിഫൈനലുകളിലായി പ്ലേ ഓഫില്‍ (ഒരു മല്‍സരം) ഏറ്റുമുട്ടും.തുടര്‍ന്ന് മൂന്ന് ഫൈനലുകള്‍ നടക്കും. ഇതിലെ മൂന്ന് വിജയികളാണ് ഖത്തറിലേക്ക് യോഗ്യത നേടുക. മാര്‍ച്ച് 24, 25 തിയ്യതികളിലാണ് സെമി മല്‍സരങ്ങള്‍. 28, 29 തിയ്യതികളിലായാണ് ഫൈനല്‍.


ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ബ്രസീലും അര്‍ജന്റീനയും ആണ് നിലവില്‍ യോഗ്യത നേടിയത്. ഇവിടെ മല്‍സരങ്ങള്‍ പുരോഗമിക്കുകയാണ് . രണ്ട് ടീമുകള്‍ കൂടിയാണ് ഇവിടെ നിന്നും യോഗ്യത നേടേണ്ടത്. ഇക്വഡോര്‍, കൊളംബിയ, പെറു എന്നീ ടീമുകളില്‍ നിന്ന് രണ്ട് പേര്‍ യോഗ്യത നേടും.


നോര്‍ത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ നേഷന്‍സ് എന്നിവടങ്ങളില്‍ നിന്ന് മൂന്ന് ടീമുകള്‍ക്കാണ് യോഗ്യത. നിലവില്‍ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നിവരാണ് ഗ്രൂപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.


ഏഷ്യന്‍ മേഖലയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന രാജ്യങ്ങളുടെ തീരുമാനം ജനുവരിയോടെ പൂര്‍ത്തിയാവും. ആതിഥേയ രാജ്യമായ ഖത്തറിനാണ് നേരിട്ട് ടിക്കറ്റ് ലഭിച്ചത്. ഏഷ്യന്‍ മേഖലയില്‍ ഗ്രൂപ്പ് എയില്‍ ഇറാന്‍, ദക്ഷിണ കൊറിയ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളവര്‍. ഖത്തര്‍ ഗ്രൂപ്പ് എയിലാണ് കളിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ സൗദി അറേബ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. രണ്ട് ഗ്രൂപ്പില്‍ നിന്നും ആദ്യമെത്തുന്ന രണ്ട് ടീമും യോഗ്യത നേടും.


ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് രണ്ട് ടീമുകള്‍ക്കാണ് യോഗ്യത. 10 ടീമുകളാണ് യോഗ്യതയ്ക്കായി പൊരുതുന്നത്. ഇവിടെ യോഗ്യതാ റൗണ്ടുകള്‍ പുരോഗമിക്കുകയാണ്. ഈജിപ്ത്, അള്‍ജീരിയ, കാമറൂണ്‍ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്നവരാണ്. 32 ടീമുകള്‍ക്കാണ് ഇത്തവണ യോഗ്യത. മാര്‍ച്ച് മാസത്തോടെ യോഗ്യതാ മല്‍സരങ്ങള്‍ പൂര്‍ത്തിയാവും. ഇറ്റലി, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ ഖത്തറില്‍ കളിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.




Tags:    

Similar News