കൊവിഡ് വ്യാപനം: മകന്‍ നിരപരാധി; കുറ്റക്കാരന്‍ ദിമിത്രോവെന്ന് ജോക്കോവിച്ചിന്റെ പിതാവ്

ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ആദ്യപാദം നടക്കുമ്പോള്‍ തന്നെ ഗ്രിഗോര്‍ ദിമിത്രോവ് കൊവിഡ് ബാധിതനായിരുന്നു. കൂടാതെ മറ്റ് മൂന്ന് താരങ്ങള്‍ക്കും രോഗം പിടിപ്പിട്ടിരുന്നു.

Update: 2020-06-25 06:17 GMT

ബെല്‍ഗ്രേഡ്: അഡ്രിയാന്‍ ടൂറിലെ കൊവിഡ് വ്യാപനത്തിന് പിന്നില്‍ തന്റെ മകനല്ലെന്നും ഗ്രിഗോര്‍ ദിമിത്രോവാണെന്നും ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ചിന്റെ പിതാവ്. മകന്‍ നിരപരാധിയാണ്. ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ആദ്യപാദം നടക്കുമ്പോള്‍ തന്നെ ഗ്രിഗോര്‍ ദിമിത്രോവ് കൊവിഡ് ബാധിതനായിരുന്നു. കൂടാതെ മറ്റ് മൂന്ന് താരങ്ങള്‍ക്കും രോഗം പിടിപ്പിട്ടിരുന്നു. എന്നാല്‍ ഇത് മറച്ച് വച്ചാണ് അവര്‍ മല്‍സരത്തില്‍ പങ്കെടുത്തതെന്നും ജോക്കോവിച്ചിന്റെ പിതാവ് അഭിപ്രായപ്പെട്ടു.

രണ്ടാം പാദ മല്‍സരം നടന്ന ബെല്‍ഗ്രേഡിലെത്തിയതിന് ശേഷമാണ് തന്റെ മകനും ഭാര്യയും അവരുടെ രോഗവിവരം കണ്ടെത്തിയത്. എന്നാല്‍ പേരകുട്ടികളുടെ ഫലം നെഗറ്റീവാണ്. ചാരിറ്റിപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മകന്‍ മുന്‍നിര താരങ്ങളെ സംഘടിപ്പിച്ച മല്‍സരം നടത്തിയത്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ജോക്കോവിച്ച് ക്ഷമാപണം നടത്തിയിരുന്നു. കൂടാതെ ഫൈനല്‍ മല്‍സരം ഉപേക്ഷിക്കുകയും ചെയ്തു.

യാതൊരു മുന്‍ കരുതലുകളും സ്വീകരിക്കാതെയാണ് താരങ്ങള്‍ ടൂര്‍ണ്ണമെന്റ് നടത്തിയതെന്നാണ് ആരോപണം. ദിമിത്രോവിന് രോഗം കണ്ടെത്തിയതെ തുടര്‍ന്നാണ് ടൂര്‍ണ്ണമെന്റ് ഒഴിവാക്കിയത്. മല്‍സരം തുടങ്ങിയത് സെര്‍ബിയയില്‍ വച്ചായിരുന്നു. തുടര്‍ന്ന് മറ്റ് മല്‍സരങ്ങള്‍ക്കായിരുന്നു ക്രൊയേഷ്യയിലേക്ക് പോയതെന്നും ലോക ഒന്നാം നമ്പര്‍ താരത്തിന്റെ പിതാവ് അറിയിച്ചു. ജോക്കോവിച്ചിനും ദിമിത്രോവിനും പുറമെ ക്രൊയേഷ്യയുടെ ബോര്‍നാ കോറിച്ച്, സെര്‍ബിയയുടെ വിക്ടര്‍ ട്രോയ്സ്‌ക്കി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിക്ക് കിര്‍ഗോസ്, ഡാന്‍ ഇവാന്‍സ്, ആന്റി റോഡിക്ക് എന്നിവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News