ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം ഇത്തവണ എത്തുക പുതിയ ചാംപ്യനിലേക്ക്. ഓസ്ട്രിയയുടെ ഡൊമനിക്ക് തീമും ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവും നാളെ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുന്നതോടെയാണ് യു എസ് ഓപ്പണിന് പുതിയ ജേതാവ് എത്തുക. ടോപ് റാങ്കുകാരായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നിന്നപ്പോള്‍ റഫറിയെ പന്ത് കൊണ്ടടിച്ചതിനെ തുടര്‍ന്ന് നൊവാക് ജോക്കോവിച്ചിനെ പുറത്താക്കുകയായിരുന്നു. ബ്രിട്ടന്റെ ആന്റി മുറെയാവട്ടെ തോറ്റ് പുറത്താവുകയും ചെയ്തു
ലോക മൂന്നാം നമ്പര്‍ താരമായ തീം ആസ്ത്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും കളിച്ചിരുന്നു. സ്വരേവിന്റെ ആദ്യ ഗ്രാന്റസ്ലാം ഫൈനലാണിത്. സെമിയില്‍ അഞ്ചാം റാങ്കുകാരനായ റഷ്യയുടെ മെദ്വദേവിനെ 6-2, 7-6, 7-6 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് തീം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്പെിയന്‍ താരം പാബ്ലോ ബുസ്റ്റയെ 3-6, 2-6, 6-3, 6-4, 6-3 സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചാണ് സ്വരേവിന്റെ ഫൈനല്‍ പ്രവേശനം. രണ്ട് സെറ്റുകള്‍ കൈവിട്ട ശേഷമാണ് ജര്‍മ്മന്‍ താരത്തിന്റെ തിരിച്ചുവരവ്. 16 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഫെഡററും, നദാലും, ജോക്കോവിച്ചുമില്ലാത്ത ഗ്രാന്‍സ്ലാം ഫൈനല്‍ നടക്കുന്നത്.