തിരുവനന്തപുരം: അവസാന ദിനത്തിലെ മൂന്ന് റെക്കോഡുകളോടെയാണ് 62-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള കൊടിയിറങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ദേശീയ റെക്കോഡുകളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഒന്ന് മീറ്റ് റെക്കോഡും. റെക്കോഡ് വരള്‍ച്ചകൊണ്ടു ശ്രദ്ധിക്കപ്പെട്ട മീറ്റില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ 15.24 മീറ്റര്‍ ദൂരം കണ്ടെത്തിയ മുണ്ടൂര്‍ എച്ച്എസ്സിലെ അഖില്‍ കുമാറാണ് ആദ്യം ദേശീയ റെക്കോര്‍ഡിന് ഉടമയായത്. 2014ല്‍ അബ്ദുളള അബൂബക്കര്‍ സ്ഥാപിച്ച 15.09 സെക്കന്റിന്റെ റെക്കോഡാണ് അഖില്‍ തിരുത്തിക്കുറിച്ചത്.
പിന്നാലെ, സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ കല്ലടി എച്ച്.എസ്. കുമരംപുത്തൂരിന്റെ എം.ജിഷ്‌നയും ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. 1.73 ഉയരം കണ്ടെത്തിയാണ് ജിഷ്‌ന റെക്കോര്‍ഡിലെത്തിയത്. 2008ല്‍ സ്‌റ്റെനി മൈക്കിള്‍ സ്ഥാപിച്ച 1.69 ഉയരമാണ് ജിഷ്‌ന പഴങ്കഥയാക്കിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ചിങ്കിസ് ഖാനാണ് ഇന്നലത്തെ ഏക മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്. 1.25.06 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയാണ് ചിങ്കിസ് ഖാന്റെ റെക്കോര്‍ഡ് പ്രകടനം. ലിജോ മാണിയുടെ പേരിലുള്ള 10 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് (1.23)ഖാന്‍ തകര്‍ത്തത്.