സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി വികസിപ്പിച്ച മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്ര നോബേല്‍ പുരസ്‌കാരം
യുഎസ് ശാസ്ത്രജ്ഞരായ ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ലിഥിയം- അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് മൂന്നുപേരും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.
സ്‌റ്റോക്ക്‌ഹോം: 2019ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. യുഎസ് ശാസ്ത്രജ്ഞരായ ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ലിഥിയം- അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് മൂന്നുപേരും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 1922ല്‍ ജര്‍മനിയില്‍ ജനിച്ച ജോണ്‍ ബി ഗുഡ്ഇനഫ്, നിലവില്‍ ടെക്‌സാസ് സര്‍വകലാശാലയില്‍ അധ്യാപകനാണ്. 1941ല്‍ യുകെയില്‍ ജനിച്ച സ്റ്റാന്‍ലി വിറ്റിങ് ഹാം നിലവില്‍ ബിങ്ഹാംടണ്‍ സര്‍വകലാശാലയില്‍ അധ്യാപകനാണ്.
ജപ്പാന്‍ സ്വദേശിയായ അകിര യോഷിനോ 1948ലാണ് ജനിച്ചത്. നിലവില്‍ ജപ്പാനിലെ മെയ്‌ജോ സര്‍വകാശാലയില്‍ അധ്യാപകനാണ്. സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായ കണ്ടുപിടിത്തമായിരുന്നു ലിഥിയം- അയണ്‍ ബാറ്ററി. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് പുറമെ ഈ ബാറ്ററിയില്‍ ഓടുന്ന ഇലക്ട്രിക് കാറുകള്‍വരെ ഇന്ന് വിപണിയിലുണ്ട്. ഈ ബാറ്ററി വികസിപ്പിച്ചതിലൂടെ ഈ ശാസ്ത്രജ്ഞര്‍ വയര്‍ലെസ്, ഫോസില്‍ ഇന്ധന മുക്തമായ ഒരു സമൂഹത്തിന് അടിത്തറപാകിയെന്ന് സമ്മാനം പ്രഖ്യാപിച്ച റോയല്‍ അക്കാദമി വിലയിരുത്തി.
വിവരസാങ്കേതിക മൊബൈല്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിന് ഊര്‍ജം പകര്‍ന്നതില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ കണ്ടുപിടിത്തം നിര്‍ണായകപങ്കാണ് വഹിച്ചതെന്നും അക്കാദമി നിരീക്ഷിച്ചു. ഭൗതികശാസ്ത്ര നോബേല്‍ പുരസ്‌കാരം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നീ ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഫിസിക്കല്‍ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് നൊബേലിന് അര്‍ഹനായത്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാളെ പ്രഖ്യാപിക്കും.