ഷിന്‍ഡെ മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍; ബിജെപിയില്‍ നിന്ന് 25, ശിവസേനയില്‍ നിന്ന് 13

Update: 2022-07-07 10:35 GMT

മുംബൈ: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ആകെ 45 മന്ത്രിമാരുണ്ടാവുമെന്ന് റിപോര്‍ട്ടുകള്‍. പുതിയ മന്ത്രിസഭയിലെ 25 മന്ത്രിമാര്‍ സഖ്യകക്ഷിയായ ബിജെപില്‍ നിന്നും 13 പേര്‍ ഷിന്‍ഡെ പക്ഷത്തുള്ള ശിവസേനയില്‍ നിന്നുമുണ്ടാവുമെന്നാണ് വിവരം. ഷിന്‍ഡെ പക്ഷത്തേയ്ക്കുവന്ന സ്വതന്ത്ര എംഎല്‍എമാര്‍ക്ക് ശേഷിക്കുന്ന മന്ത്രിസ്ഥാനങ്ങള്‍ നല്‍കും. മൂന്ന് ശിവസേനാ എംഎല്‍എമാര്‍ക്ക് ഒരു മന്ത്രിയെന്ന നിലയിലും നാല് ബിജെപി എംഎല്‍എമാര്‍ക്ക് ഒരു മന്ത്രിയെന്ന നിലയിലുമാണ് മന്ത്രിമാരുടെ എണ്ണം നിശ്ചയിച്ചത്.

മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഒഴികെയുള്ളവരെല്ലാം പുതുമുഖങ്ങളായിരിക്കും. അതേസമയം, 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് ജൂലൈ 11 ന് സുപ്രിംകോടതി വിധി വന്ന ശേഷം മാത്രമേ മന്ത്രിസഭാ രൂപീകരണത്തില്‍ അന്തിമതീരുമാനമുണ്ടാവൂ. 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരേ ഏക്‌നാഥ് ഷിന്‍ഡെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഹരജിയില്‍ ശിവസേനാ കക്ഷി നേതാക്കള്‍ക്ക് ഉള്‍പ്പെടെ സുപ്രിംകോടതി നോട്ടിസ് അയച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിനെ (ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി) താഴെയിറക്കിയാണ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയുമാവുമെന്നായിരുന്നു അഭ്യൂഹമെങ്കിലും ബിജെപി നേതൃത്വം ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Similar News