വിമാനത്തില്‍ പ്രതിഷേധക്കാരെ ആക്രമിച്ച കേസ്: ഇ പി ജയരാജനെതിരേ വിമാനസുരക്ഷാനിയമപ്രകാരമുള്ള കുറ്റം ചുമത്തിയില്ല
സമാന കേസില്‍ പ്രതി ചേര്‍ത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കെ എസ് ശബരിനാഥനുമെതിരേ എയര്‍ക്രാഫ്റ്റ് ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നു. കോടതി നിര്‍ദേശപ്രകാരം എടുത്ത കേസായതിനാല്‍ അപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് പോലിസ് വിശദീകരണം.
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാനസുരക്ഷാനിയമപ്രകാരമുള്ള കുറ്റം ചുമത്തിയില്ല. സമാന കേസില്‍ പ്രതി ചേര്‍ത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കെ എസ് ശബരിനാഥനുമെതിരേ എയര്‍ക്രാഫ്റ്റ് ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നു. കോടതി നിര്‍ദേശപ്രകാരം എടുത്ത കേസായതിനാല്‍ അപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് പോലിസ് വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് പല തവണ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്ന പോലിസ് കോടതി നിര്‍ദേശത്തോടെയാണ് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാനും, പേഴ്‌സണല്‍ സ്റ്റാഫിനുമെതിരേ കേസെടുക്കാന്‍ നിര്‍ബന്ധിതരായത്.
വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ എയര്‍ക്രാഫ്റ്റ് ആക്റ്റ് പ്രകാരമുള്ള കുറ്റം ഒഴിവാക്കി. പ്രതിഷേധം നടന്ന വിമാനത്തില്‍ കയറിയിട്ടില്ലാത്ത ശബരിനാഥനെതിരേ പോലും വിമാന സുരക്ഷാ നിയമ പ്രകാരമുള്ള രണ്ട് വകുപ്പുകള്‍ ചുമത്തിയിരുന്നു. അപ്പോഴാണ് വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ നേരിട്ട മൂന്ന് പേരെ എയര്‍ക്രാഫ്റ്റ് ആക്റ്റില്‍ നിന്ന് ഒഴിവാക്കിയത്.