ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ഗാന്ധി ഹിന്ദുദേവതയെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി

ഭാരത് ജോഡോ യാത്രക്കിടയില്‍ ക്രിസ്ത്യന്‍ വൈദികരുമായി രാഹുല്‍ ഗാന്ധി നടത്തിയ മതശാസ്ത്ര സംവാദമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം.

Update: 2022-09-10 14:40 GMT

ചെന്നൈ: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി ഹിന്ദുദേവതയെ അവഹേളിച്ചെന്ന വാദവുമായി ബിജെപി. രാഹുല്‍ ഹിന്ദു ദേവതയായ ശക്തിയെ അപമാനിച്ചുവെന്ന ആരോപണവുമായി ബിജെപി ദേശീയ വക്താവ് സാംബിത് പാത്രയാണ് രംഗത്തെത്തിയത്. ഭാരത് ജോഡോ യാത്രക്കിടയില്‍ ക്രിസ്ത്യന്‍ വൈദികരുമായി രാഹുല്‍ ഗാന്ധി നടത്തിയ മതശാസ്ത്ര സംവാദമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം.

ഹിന്ദുക്കളെ വെല്ലുവിളിക്കുകയും ഭാരതമാതാവിനെ അപമാനിക്കുകയും ചെയ്ത പാസ്റ്ററുമായിട്ടാണ് രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയതെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാലയും കുറ്റപ്പെടുത്തി. കൂടിക്കാഴ്ചയ്ക്കിടയിലെ രാഹുല്‍ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. യേശു ക്രിസ്തു ദൈവമാണോ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍, യേശുവാണ് യഥാര്‍ത്ഥ ദൈവമെന്നും അല്ലാതെ മറ്റു ശക്തികളില്ലെന്നും ജോര്‍ജ് പൊന്നയ്യ മറുപടി പറയുന്നു.

മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ആളാണ് പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ. ഭാരതാംബയെ അപമാനിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. കഴിഞ്ഞവര്‍ഷം മധുരയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിന് ജോര്‍ജ് പൊന്നയ്യക്കെതിരെ കേസെടുത്തിരുന്നു.

എന്നാല്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന് സത്യവുമായി ഒരു ബന്ധമുല്ലെന്നും, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയത്തില്‍ വിറളിപൂണ്ട് ബിജെപി ദുഷ്പ്രചാരണം നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.

Tags:    

Similar News