ആറു വിമാനത്താവളങ്ങള്‍ അദാനിക്ക്: ജൂലൈയില്‍ കൈമാറുമെന്ന് റിപോര്‍ട്ട്

ഇതിന്റെ നടപടിക്രമങ്ങള്‍ വ്യോമയാന മന്ത്രാലയം പൂര്‍ത്തീകരിച്ചിട്ടില്ലെങ്കിലും മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതോടെ എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്താവളങ്ങള്‍ കൈമാറാനുള്ള നീക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

Update: 2019-06-08 09:01 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആറു വിമാനത്താവളങ്ങള്‍ ജൂലൈയില്‍ അദാനിക്ക് കൈമാറുമെന്ന് റിപോര്‍ട്ട്. അദാനി എന്റര്‍െ്രെപസസിനാണ് വിമാനത്താവളങ്ങള്‍ കൈമാറുക. ആറു വിമാനത്താവളങ്ങള്‍ 50 വര്‍ഷത്തേക്ക് നടത്താനുള്ള അവകാശമാണ് അദാനിക്ക് കൈമാറുന്നത്.

ഇതിന്റെ നടപടിക്രമങ്ങള്‍ വ്യോമയാന മന്ത്രാലയം പൂര്‍ത്തീകരിച്ചിട്ടില്ലെങ്കിലും മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതോടെ എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്താവളങ്ങള്‍ കൈമാറാനുള്ള നീക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

നിലവില്‍ ഈ വിമാനത്താവളങ്ങളിലുള്ള ജീവനക്കാര്‍ക്ക് സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ തുടരുകയോ അദാനി എന്റര്‍പ്രൈസസില്‍ ചേരുകയോ ചെയ്യാം. അഹമ്മദാബാദ്, ലക്‌നൗ, ജെയ്പുര്‍, ഗുവാഹട്ടി, തിരിുവനന്തപുരം, മംഗലാപുരം എന്നീ വിമാനത്താവളങ്ങളാണ് 50 വര്‍ഷത്തെ നടത്തിപ്പിന് അദാനി ലേലത്തില്‍ പിടിച്ചത്. ഈ ഇടപാടിലൂടെ 1300 കോടി രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണം ഉപയോഗിച്ച് മറ്റ് വിമാനത്താവളങ്ങള്‍ നവീകരിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പദ്ധതി.

വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറുന്നതിനെതിരേ കേരളം ഉള്‍പ്പടെ പലയിടത്തും നിന്നും പ്രതിഷേധവും ഉണ്ടായിരുന്നു.

Tags:    

Similar News