കൊവിഡ് 19: ലോകത്ത് മരണം 17226, രോഗബാധിതര്‍ 394614
പ്രഭവസ്ഥാനമായ ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ച 78 പുതിയ കേസുകളെത്തിയതോടെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി
റോം: കൊറോണ മഹാമാരി ലോകത്തെ മുക്കിലും മൂലയിലും വരെ എത്തിയതോടെ അടച്ചിടലിന് ഉത്തരവിട്ട് കൂടുതല്‍ രാജ്യങ്ങള്‍. ഭീതിയൊഴിയാറായിട്ടില്ലെന്നും വൈറസിന്റെ വ്യാപനം അതിവേഗം വര്‍ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. വൈറസിനെതിരേ പോരാട്ടം ശക്തമാക്കാന്‍ ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ചയോടെ ലോകത്ത് മരണം 17,226 ആയി. 195 രാജ്യങ്ങളിലായി 3,94,614 പേരെയാണ് ഇതുവരെ വൈറസ് ബാധിച്ചത്. 1,03,380 പേര്‍ ഇതുവരെ രോഗമുക്തി നേടി. പ്രഭവസ്ഥാനമായ ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തിങ്കളാഴ്ച 78 പുതിയ കേസുകളെത്തിയതോടെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. ഏഴുമരണവും അവിടെ റിപോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ തിങ്കളാഴ്ച 602 പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 63,928 ആയി. സ്‌പെയിനില്‍ 4537 പേര്‍ക്കുകൂടി വൈറസ് ബാധിക്കുകയും 385 പേര്‍ മരിക്കുകയുംചെയ്തു. യുഎസില്‍ 2434 പുതിയ കേസുകളും 29 മരണവുമുണ്ട്. ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ വൈറസ് ബാധിതരുള്ളത് യുഎസിലാണ്. 46,168 പേരാണ് അവിടെ രോഗബാധിതര്‍. മരണം 495 ആയി.
സാമൂഹിക അകലം ഉറപ്പുവരുത്താനായി ജനങ്ങള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒട്ടേറെ രാജ്യങ്ങള്‍ നിരോധിച്ചതോടെ ലോകത്ത് 150 കോടിയിലധികം പേരാണ് വീടുകളിലൊതുങ്ങിയത്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീട്ടിലിരുന്ന് ജോലിചെയ്യാനുമാണ് പല രാജ്യങ്ങളും ഉത്തരവിട്ടിട്ടുള്ളത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കുശേഷം ആദ്യം അടച്ചത് ഇറ്റലിയാണ്. പിന്നാലെ സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, യുഎസ്, ബ്രിട്ടന്‍, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും അടച്ചിടല്‍ പ്രഖ്യാപിക്കുകയായിരുന്നു.
വൈറസിന്റെ പ്രഭവസ്ഥാനമായ ചൈനയെക്കാള്‍ രോഗബാധിതരുടെ എണ്ണം കൂടുന്നതാണ് ഇറ്റലിയെ ഇപ്പോള്‍ നേരിടുന്ന വലിയ പ്രതിസന്ധി. ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചതും ഇറ്റലിയിലാണ്. തിങ്കളാഴ്ചയോടെ മരണം 6077 ആയി. 63,928 ആണ് ഇപ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം. രണ്ടുദിവസമായ റിപോര്‍ട്ട് ചെയ്യപ്പെടുന്ന മരണത്തിലെ നേരിയ കുറവ് അതിനിടെ ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. ശനിയാഴ്ച രാജ്യത്ത് 793 പേര്‍ മരിച്ചിരുന്നു.
യുഎസില്‍ കാലിഫോര്‍ണിയ അടക്കമുള്ള സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നാലരക്കോടിയോളം ജനങ്ങളാണ് വീടുകളില്‍ത്തന്നെ തുടരുന്നത്. തുടക്കത്തില്‍ അടച്ചുപൂട്ടല്‍ നടപടി എടുക്കാതിരുന്ന ഏഷ്യന്‍ രാജ്യങ്ങളും രണ്ടാംഘട്ടത്തില്‍ വ്യാപനത്തിന്റെ തോത് വര്‍ധിച്ചതോടെ മാറിച്ചിന്തിച്ചു. വലിയ ഭീഷണി നേരിടുന്ന ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്‍ഡൊനീസ്യ, മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കോടിക്കണക്കിന് ജനം വീടുകളില്‍ കുടുങ്ങി.