ഡല്‍ഹി കലാപക്കേസ്: പൗരത്വ പ്രക്ഷോഭനായകന്‍ ഖാലിദ് സെയ്ഫിയുടെ അപ്പീലില്‍ ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച പൗരത്വ പ്രക്ഷോഭ നായകന്‍ ഖാലിദ് സെയ്ഫിക്ക് ജാമ്യം നിഷേധിച്ചതിനെതിരായ അപ്പീലില്‍ ഡല്‍ഹി സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ആക്ടിവിസ്റ്റും യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റിന്റെ സ്ഥാപകനുമായ ഖാലിദ് സെയ്ഫിയെ അറസ്റ്റുചെയ്തത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കാനായി വേനല്‍ക്കാല അവധിക്ക് ശേഷം ജൂലൈ 11 ലേക്ക് മാറ്റി. ജാമ്യം നിഷേധിച്ചത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതികരണം തേടിയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഡല്‍ഹി പോലിസാണ് സെയ്ഫിക്കെതിരേ യുഎപിഎ ചുമത്തിയത്. ഖുറേജി പ്രദേശത്തെ ബാഡി മസ്ജിദിന് സമീപമുള്ള ഖുറേജി പ്രതിഷേധ സൈറ്റിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു സെയ്ഫിയെന്നായിരുന്നു പോലിസിന്റെ ആരോപണം. ഖാലിദ് സെയ്ഫിക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് എനിക്ക് അഭിപ്രായമുണ്ട്- എന്ന് വ്യക്തമാക്കിയാണ്
ഏപ്രില്‍ 8ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യാപേക്ഷ നിരസിച്ചത്. ഡല്‍ഹി കലാപക്കേസില്‍ സെയ്ഫിയെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നാണ് അഭിഭാഷകന്‍ റെബേക്ക ജോണ്‍ കോടതിയില്‍ വാദിച്ചത്. പ്രോസിക്യൂഷന്റെ മുഴുവന്‍ കേസും 2020 ലെ കലാപവുമായി ബന്ധപ്പെടുത്തുന്നതിനുള്ള തെളിവുകളില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റപത്രത്തില്‍ പറയുന്നതിനൊന്നും തെളിവുകളില്ല. 2019 ഡിസംബറില്‍ മറ്റൊരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ സെയ്ഫി കണ്ടുമുട്ടിയെന്ന് സ്ഥിരീകരിക്കാന്‍ യാതൊരു തെളിവുകളുമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെ ഒരു ഡസനോളം ആളുകളെയാണ് ഗൂഢാലോചന കേസില്‍ ഡല്‍ഹി പോലിസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരിലാണ് ദേശീയ തലസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതെന്നാണ് ഷര്‍ജീലിനും ഖാലിദിനുമെതിരേ ഡല്‍ഹി പോലിസ് ഉയര്‍ത്തുന്ന ആരോപണം.