ഗുഡ്ഗാവില്‍ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് യുവാവിന് മര്‍ദനം: ദൗര്‍ഭാഗ്യകരമെന്ന് ഗൗതം ഗംഭീര്‍

നമ്മുടേത് മതേതര രാജ്യമാണെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള എംപിയുമായ ഗൗതം ഗംഭീര്‍ ട്വീറ്ററില്‍ കുറിച്ചു.

Update: 2019-05-27 06:26 GMT

ഗുരുഗ്രാം: പള്ളിയില്‍ മടങ്ങുകയായിരുന്ന യുവാവിനെ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെതിരേ ബിജെപി എംപി ഗൗതം ഗംഭീര്‍. നമ്മുടേത് മതേതര രാജ്യമാണെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള എംപിയുമായ ഗൗതം ഗംഭീര്‍ ട്വീറ്ററില്‍ കുറിച്ചു.

മതനിരപേക്ഷതയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തില്‍നിന്നാണ് ഉരുത്തിരിഞ്ഞതെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.

ശനിയാഴ്ചയാണ് ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമില്‍ പള്ളിയില്‍ നിന്നു മടങ്ങിയ മുസ്‌ലിം യുവാവിനെ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ടു ഹിന്ദുത്വര്‍ ക്രൂരമായി ആക്രമിച്ചത്. പള്ളിയില്‍ നിന്നു നമസ്‌കാരം കഴിഞ്ഞു രാത്രി പത്തോടെ തന്റെ തയ്യല്‍ കടയിലേക്കു വരികയായിരുന്ന മുഹമ്മദ് ബര്‍കാത് ആലം എന്ന 25കാരനാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്. ഈ പ്രദേശത്ത് ഇനി തൊപ്പി ധരിക്കാന്‍ പാടില്ലെന്ന് അറിയിച്ച് ചുറ്റുംകൂടിയ അക്രമികള്‍ തുടര്‍ന്നു തൊപ്പി ഊരാന്‍ ആവശ്യപ്പെടുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പള്ളിയില്‍ പോയപ്പോള്‍ ധരിച്ചതാണ് തൊപ്പിയെന്ന് പറഞ്ഞതോടെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു തൊപ്പി ഊരി എറിയുകയും ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു മടിച്ചതോടെ വീണ്ടും മര്‍ദിക്കുകയും പന്നി മാംസം തീറ്റിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇതേസമയം, സഹായാഭ്യര്‍ഥന നടത്തിയെങ്കിലും ദൃക്‌സാക്ഷികള്‍ ആരും മുന്നോട്ടു വന്നില്ല. ഇതിനിടെ ബര്‍കാത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വടിയെടുത്തു ആക്രമിക്കുകയും ധരിച്ചിരുന്ന കുര്‍ത്ത വലിച്ചു കീറുകയും ചെയ്തു. പിന്നീട് അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബന്ധു മുര്‍തുജയാണ് സാരമായി പരിക്കേറ്റ ബര്‍കാതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീഹാറിലെ ബെഗുസരായ് സ്വദേശിയായ ബര്‍കാത് ഈ മാസം ആദ്യമാണ് തയ്യല്‍ പഠിക്കാനായി ഗുരുഗ്രാമിലെത്തിയത്.

Tags:    

Similar News