ഓണ്‍ലൈന്‍ പഠനം അടിച്ചേല്‍പ്പിക്കരുത്; ഡിജിറ്റല്‍ രംഗത്തെ അന്തരം വലുതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ
വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വിഭജനം സൃഷ്ടിക്കുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ മാത്രമേ താത്കാലികമായിപ്പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പിലാക്കാവു എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വിഭജനം സൃഷ്ടിക്കുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.
ലോക്ക് ഡൗണിന്റെ മറവില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം അടിച്ചേല്‍പ്പക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പിബി കുറ്റപ്പെടുത്തി. ലോക്ക് ഡൗണ്‍ വിദ്യാഭ്യാസ മേഖലയെ താറുമാറാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ അതിന്റെ മറവില്‍ പാര്‍ലമന്റ് അംഗീകരിക്കാത്ത വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഡിജിറ്റല്‍ രംഗത്ത് വലിയ വിഭജനമാണ് നിലനില്‍ക്കുന്നത്. അതിനെ വിദ്യാഭ്യാസ രംഗത്തേക്കു തിരുകിവയ്ക്കരുതെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്‌കൂളുകളിലും കോളജുകളിലും പരമ്പരാഗത വിദ്യാഭ്യാസത്തിനു പകരം ഡിജിറ്റല്‍ വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നതിന് പാര്‍ട്ടി എതിരാണ്. കൊവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ പഠനം അലങ്കോലമാവാതിരിക്കാന്‍ താത്കാലികമായി ഡിജിറ്റല്‍ പഠനരീതിയെ ഉപയോഗിക്കാം. എന്നാല്‍ പരമ്പരാഗത പഠന രീതിക്കു പകരമായി അതിനെ മാറ്റരുത്. ഇത്തരത്തില്‍ താത്കാലികമായി ഉപയോഗിക്കുന്നതു പോലും എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഉള്ള പ്രദേശങ്ങളിലാവണമെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക വര്‍ഷം നഷ്ടമാവാത്ത വിധത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പഠന ക്രമം പുനക്രമീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.
കൊവിഡിനെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ പിബി തൃപ്തി രേഖപ്പെടുത്തി. രാജ്യാന്തര ശ്രദ്ധ നേടിയ പ്രവര്‍ത്തനമാണ് കേരളം കാഴ്ചവച്ചത്. എന്നാല്‍ ഇതിനെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെന്ന് സിപിഎം കുറ്റപ്പെടുത്തി.
കൊവിഡിനെ നേരിടുന്നതില്‍ ജനങ്ങളെ അവരവരുടെ വഴിക്കു വിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. യാതൊരു ആസൂത്രണവുമില്ലാതെയാണ് കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കേന്ദ്രം പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും പ്രസ്താവന പറയുന്നു.