ആദ്യ ഹജ്ജ് യാത്രാസംഘം 7ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും
ഏഴിന് രണ്ട് വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം (എസ്‌വി- 5749) പുറപ്പെടുക.
കോഴിക്കോട്: ഇത്തവണത്തെ ഹജ്ജ് യാത്രയുടെ ഒന്നാംഘട്ടം കരിപ്പൂരില്‍നിന്ന് ആരംഭിക്കും. ഏഴിന് രണ്ട് വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം (എസ്‌വി- 5749) പുറപ്പെടുക. ആറിന് രാവിലെ ഒമ്പതിനും 11 നും ഇടയില്‍ ഹജ്ജ് ഹൗസില്‍ ഹാജിമാര്‍ റിപോര്‍ട്ട് ചെയ്യണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം.
രണ്ടാമത്തെ വിമാനം ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ് പുറപ്പെടുന്നത്. ഇതില്‍ പോവേണ്ട ഹാജിമാര്‍ ആറിന് രാവിലെ 11 നും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ ഹജ്ജ് ഹൗസില്‍ റിപോര്‍ട്ട് ചെയ്യണം. ആഗസ്ത് 18ന് രാവിലെ 7.20ന് ആദ്യ ഹജ്ജ് യാത്രാസംഘം കരിപ്പൂരില്‍ മടങ്ങിയെത്തും. ഈമാസം 20നാണ് അവസാന ഹജ്ജ് യാത്രാസംഘത്തിന്റെ വിമാനം പുറപ്പെടുന്നത്. 20ന് ഉച്ചയ്ക്ക് 2.50ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന യാത്രാസംഘം സപ്തംബര്‍ മൂന്നിന് രാവിലെ 11.20ന് കരിപ്പൂരില്‍ മടങ്ങിയെത്തും. ഇത്തവണ നെടുമ്പാശ്ശേരിയില്‍നിന്നും ഹജ്ജ് യാത്ര പുറപ്പെടുന്നുണ്ട്. കൂടുതല്‍ തീര്‍ഥാടകര്‍ കരിപ്പൂര്‍ വഴിയാണ് യാത്രയാവുന്നത്.