ഹജ്ജ് നടപടികള്‍ അടുത്തമാസം തുടങ്ങും: വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം അനുമതി
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുമാത്രമായിരിക്കും ഇത്തവണ അനുമതി നല്‍കുക. ഇന്ത്യയുടെയും സൗദിയുടെയും നിര്‍ദേശങ്ങള്‍ ഉള്‍പെടുത്തി തീര്‍ഥാടന മാര്‍ഗരേഖ തയാറാക്കും.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ അരിയിച്ചു. ഈ വര്‍ഷം മുതല്‍ നടപടികള്‍ പൂര്‍ണമായി ഡിജിറ്റലാക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുമാത്രമായിരിക്കും ഇത്തവണ അനുമതി നല്‍കുക. ഇന്ത്യയുടെയും സൗദിയുടെയും നിര്‍ദേശങ്ങള്‍ ഉള്‍പെടുത്തി തീര്‍ഥാടന മാര്‍ഗരേഖ തയാറാക്കും.
കോവിഡ് കാരണം രണ്ടു വര്‍ഷമായി വിദേശ തീര്‍ഥാടകര്‍ക്ക് സൗദി അനുമതി നല്‍കിയിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഡിജിറ്റല്‍ ആരോഗ്യ കാര്‍ഡ്, 'E-MASIHA' ആരോഗ്യ സംവിധാനം, മക്കമദീനയിലെ താമസ/ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കുന്ന 'ഇ-ലഗേജ് പ്രീടാഗിങ്' എല്ലാ ഹജ് തീര്‍ഥാടകര്‍ക്കും ലഭ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. സഹയാത്രികരില്ലാതെ യാത്ര നടത്തുന്നതിനു വേണ്ടി മൂവായിരത്തിലേറെ സ്ത്രീകളാണു നേരത്തേ അപേക്ഷിച്ചത്. ഇവരുടെ അപേക്ഷകള്‍ ഇത്തവണ വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുപത് വയസിന് മുകളിലുള്ളവരുടെ അപേക്ഷകളിലായിരിക്കും ആദ്യ പരിഗണനയുണ്ടായിരിക്കുക. ഹജ്ജ് തീര്‍ഥാടനത്തിനൊരുങ്ങുന്നവര്‍ ഉടന്‍ തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതാണ് അപേക്ഷ പരിഗണിക്കാനുള്ള മാര്‍ഗ്ഗം.