കണ്ണൂര്‍ കോര്‍പറേഷന്‍: അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് അടുത്ത മാസം രണ്ടിന്

കളക്ടറുടെ നേതൃത്വത്തിലാകും വോട്ടെടുപ്പ് നടപടികള്‍. നടപടികളില്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി.

Update: 2019-08-25 01:54 GMT

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ക്കെതിരായ ഇടത് മുന്നണിയുടെ അവിശ്വാസ പ്രമേയത്തില്‍ അടുത്ത മാസം രണ്ടിന് വോട്ടെടുപ്പ് നടക്കും. കളക്ടറുടെ നേതൃത്വത്തിലാകും വോട്ടെടുപ്പ് നടപടികള്‍. നടപടികളില്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. നേരത്തെ, മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം യുഡിഎഫ് വിജയിച്ച സാഹചര്യത്തില്‍ മേയര്‍ തിരഞ്ഞെടുപ്പ് സെപ്തംബര്‍ നാലിന് നടക്കും. സുമാബാലകൃഷ്ണനാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി.

അതേസമയം, ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം വിജയിപ്പിച്ചാല്‍ മാത്രമേ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സാധ്യതയുള്ളു.എന്നാല്‍, നിലവില്‍ അതിനുള്ള അംഗബലം ഇടത് മുന്നണിക്കില്ല. യുഡിഎഫ് പാളയത്തില്‍ നിന്നുള്ള നിഷേധ വോട്ടുകളിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

ഈ മാസം 19ാം തിയതിയാണ് ഡെപ്യൂട്ടി മേയറായ പി കെ രാഗേഷിനെതിരെ അവിശ്വാസപ്രമേയത്തിന് എല്‍ഡിഎഫ് നോട്ടീസ് നല്‍കിയത്. മേയര്‍ക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതിനെത്തുടര്‍ന്ന് എല്‍ഡിഎഫിന് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം നഷ്ടമായിരുന്നു. എല്‍ഡിഎഫിനൊപ്പം നിന്ന കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ ബലത്തിലായിരുന്നു മുന്നണി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നത്. പി കെ രാഗേഷ് വീണ്ടും കളംമാറിച്ചവിട്ടി യുഡിഎഫിനൊപ്പം പോയതോടെയാണ് എല്‍ഡിഎഫ് ഭരണം വീണത്.

നഗരസഭാ ഭരണം ലഭിച്ച യുഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് പി കെ രാഗേഷ് തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മേയര്‍ക്ക് സ്ഥാനം നഷ്ടമായെങ്കില്‍ സ്വാഭാവികമായും പി കെ രാഗേഷിനും അധികാരം നഷ്ടമാകുമെന്ന് എല്‍ഡിഎഫ് വാദിച്ചിരുന്നു. ഭരണം മാറാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയായിരുന്നു മേയര്‍ ഇ പി ലതയ്ക്ക് എതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസപ്രമേയത്തിനെ അനുകൂലിച്ച് 28 പേര്‍ വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്തത് 26 പേര്‍ മാത്രമായിരുന്നു. നേരിയ ഭൂരിപക്ഷത്തിലാണ് അന്ന് അവിശ്വാസപ്രമേയം പാസ്സായത്.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 27 വീതമായിരുന്നു ഇരുമുന്നണികള്‍ക്കും ഉണ്ടായിരുന്ന അംഗബലം. ഒരു അംഗം ഈയിടെ മരിച്ചു. ഇതോടെ ഇടതിന്റെ പിന്തുണ അംഗബലം 26 ആയി കുറഞ്ഞിരുന്നു. ഈ തക്കത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്ന് എല്‍ഡിഎഫിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുകയായിരുന്നു യുഡിഎഫ്.

Tags:    

Similar News