മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ ട്വീറ്റ്: ഹരിയാന ബിജെപി ഐടി സെല്‍ മേധാവിയെ നീക്കി
ഛണ്ഡീഗഢ്: മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരായ വിദ്വേഷ ട്വീറ്റുകളുടെ പേരില്‍ പ്രതിഷേധം ശക്തമായതോടെ ബിജെപിയുടെ ഹരിയാന യൂനിറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേധാവി അരുണ്‍ യാദവിനെ ഒഴിവാക്കി. അരുണ്‍ യാദവിനെ അറസ്റ്റുചെയ്യണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ചുമതലയില്‍ നിന്ന് പാര്‍ട്ടി നേതൃത്വം ഒഴിവാക്കിയത്. അതേസമയം, അരുണ്‍ യാദവിനെ അറസ്റ്റുചെയ്യാന്‍ തയ്യാറാവാത്ത പോലിസ് നിലപാടിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.
2018 ലെ ട്വീറ്റുകളുടെ പേരില്‍ വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ച പോലിസ്, ബിജെപി ഐടി സെല്‍ മേധാവിയുടെ വിദ്വേഷ ട്വീറ്റുകള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. 2017 മുതല്‍ 2022 വരെ നിരവധി വിദ്വേഷ പോസ്റ്റുകളാണ് അരുണ്‍ യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.
അരുണ്‍ യാദവിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് #ArrestArunYadav എന്ന ഹാഷ് ടാഗാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. പ്രവാചകനിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്ക് സംരക്ഷണമൊരുക്കിയ അതേ സമീപനമാണ് പോലിസ് ഇപ്പോള്‍ അരുണ്‍ യാദവിനോടും കാണിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം, അരുണ്‍ യാദവിനെതിരെ ഇതുവരെ പോലിസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് ഹരിയാന പോലിസ് ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞത്.
അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് നീക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ലെന്നും പോലിസ് പറയുന്നു. 'ബിജെപി മറ്റൊരു 'ഫ്രഞ്ച് എലമെന്റിനെ' കൂടി പുറത്താക്കിയിരിക്കുന്നു. ഈ കണ്ണടയ്ക്കലിനു പകരം ഈ 'വിദ്വേഷ കൂട്ടാളികളെ' അറസ്റ്റ് ചെയ്യുമോ?' യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ട്വീറ്റ് ചെയ്തു. സുബൈറിനെ 2018ലെ ട്വീറ്റിന്റെ പേരില്‍ അറസ്റ്റുചെയ്യാന്‍ കഴിയുമെങ്കില്‍, അരുണ്‍ യാദവിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തുകൂടാ?' ടിപ്പു സുല്‍ത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഷെയ്ഖ് സദേഖ് ഹരിയാന ഡിജിപിയെയും ഡല്‍ഹി പോലിസിനെയും പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തു.