അനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി
ബിജെപി നേതാവിന്റെ അനധികൃത നിര്‍മാണത്തിനെതിരെ സൊസൈറ്റിയിലെ രണ്ട് വനിതകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.
വാരാണസി: ബിജെപി പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹൗസിങ് സൊസൈറ്റിയിലെ അനധികൃത നിര്‍മാണം ജില്ലാ ഭരണകൂടം വ്യാഴാഴ്ച ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി. ബിജെപി നേതാവിന്റെ അനധികൃത നിര്‍മാണത്തിനെതിരെ സൊസൈറ്റിയിലെ രണ്ട് വനിതകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഖണ്ഡ് സിംഗ് എന്ന സത്യപ്രകാശ് സിംഗ് സൊസൈറ്റിയുടെ ഭൂമി കൈയേറിയെന്നാരോപിച്ചാണ് ഇവര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അധികൃതര്‍ കേസെടുത്തു.
സിക്രൗളിലെ വരുണ എന്‍ക്ലേവ് സൊസൈറ്റിയിലെ അനധികൃത നിര്‍മാണമാണ് അതോറിറ്റി വൈസ് ചെയര്‍മാനും വാരാണാസി ഡവലപ്‌മെന്റ് അതോറിറ്റി (വിഡിഎ) സോണല്‍ ഓഫീസറുമായ പര്‍മാനന്ദ് യാദവിന്റെ നിര്‍ദേശപ്രകാരം പോലിസിന്റെയും അതോറിറ്റി അധികൃതരുടെയും സാന്നിധ്യത്തില്‍ പൊളിച്ചുനീക്കിയത്. വരുണ എന്‍ക്ലേവ് സൊസൈറ്റിയുടെ ഒരു ഭാഗം അനധികൃതമായി കൈയേറിയാണ് മുറി നിര്‍മിച്ചതെന്നും ഇതിനെതിരെ ജൂണ്‍ ആദ്യവാരം അതോറിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിഡിഎ വൈസ് ചെയര്‍പേഴ്‌സണ്‍ ഇഷ ദുഹാന്‍ പറഞ്ഞു.
അതോറിറ്റിയുടെ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. നിര്‍മാണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു. നേരത്തെ കോളനി ഗേറ്റുള്ള സ്ഥലത്താണ് ബിജെപി നേതാവ് ഓഫിസ് തുറന്നതെന്ന് ആരോപിച്ച് റോഡ് വീതി കൂട്ടുന്നതിനിടെ സൊസൈറ്റിയുടെ അതിര്‍ത്തി ഭിത്തി പൊളിക്കേണ്ടി വന്നതായും പിന്നീട് അഖണ്ഡ് സിംഗ് ഈ ഭൂമിയില്‍ ഓഫീസ് ഉണ്ടാക്കിയതായും പരാതിക്കാര്‍ പറഞ്ഞു.
ബിജെപി നേതാവ് അനധികൃത നിര്‍മാണം നടത്തിയ സ്ഥലം വികസന അതോറിറ്റി ഓഫിസിനോട് ചേര്‍ന്നാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അജയ് റായ് പറഞ്ഞു. ഇതുവരെ ഒരു ഉദ്യോഗസ്ഥനോ ബിജെപി നേതാക്കളോ ഇത് പരിശോധിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പ്രതിഷേധം തുടങ്ങിയതോടെയാണ് നടപടി സ്വീകരിച്ചതെന്നും റായ് പറഞ്ഞു.