കര്‍ണാടകയില്‍ മുസ്‌ലിം യുവാവിനെ കാറിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തി
മംഗളൂരു താലൂക്കിലെ സൂറത്ത്കലില്‍ കാറിലെത്തിയ ആര്‍എസ്എസ് സംഘം മുസ്‌ലിം യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍ മംഗല്‍പേട്ട സ്വദേശി മുഹമ്മദ് ഫാസില്‍ ആണ് കൊല്ലപ്പെട്ടത്.
മംഗളൂരു: ദക്ഷിണ കന്നഡയിലെ സൂറത്കലില്‍ മുസ് ലിം യുവാവിനെ ആര്‍എസ് എസ് സംഘം വെട്ടിക്കൊന്നു. കാട്ടിപ്പള്ള മംഗല്‍പേട്ട സ്വദേശി ഫാസില്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി എട്ടു മണിയോടെ കടയ്ക്കു മുന്നില്‍ വച്ചാണ് വെട്ടിക്കൊന്നത്. കടയില്‍ സാധനം വാങ്ങാനെത്തിയ ഫാസില്‍ പുറത്ത് സുഹൃത്തിനൊടൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് ആക്രമണം. മുഖംമൂടി ധരിച്ചെത്തിയ സംഘം ഫാസിലിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. മേഖലയില്‍ കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്. പരിക്കേറ്റ രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫാസിലിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നാലോളം പേരാണ് കൊലയാളി സംഘത്തിലുള്ളതെന്നാണ് സൂചന. വസ്ത്രാലയത്തിനു മുന്നില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ത്രീ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വച്ചാണ് 26കാരനായ ഫാസിലിനെ ആര്‍എസ്എസ് സംഘം ആക്രമിച്ചത്.
ദിവസങ്ങള്‍ക്കു മുമ്പ് സുള്ള്യയില്‍ കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു. നിസാരമായ തര്‍ക്കത്തിന്റെ പേരില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനെന്നു പറഞ്ഞ് ചതിയില്‍ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഇതിനു പിന്നാലെ രണ്ടുദിവസം മുമ്പ് യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരുവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. പ്രവീണ്‍ വധത്തിനു പിന്നാലെ കൊലവിളിയുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ബിജെപി നേതാക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് സൂറത്കലില്‍ മുസ് ലിം യുവാവിന്റെ കൊലപാതകം. പ്രവീണ്‍ വധത്തിലെ പ്രതികളെ യുപി മോഡലില്‍ ഏറ്റുമുട്ടലിലൂടെ വധിക്കണമെന്നും ബിജെപി ഹെന്നാല്‍ എംഎല്‍എ രേണുകാചാര്യ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ യുപി മോഡല്‍ കര്‍ണാടകയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അരുംകൊല എന്നതും ഗൂഢാലോചന വെളിപ്പെടുത്തുന്നതാണ്. പ്രവീണ്‍വധത്തിനു പിന്നാലെ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ പ്രവര്‍ത്തകരും കുടുംബവും പ്രതിഷേധവുമായെത്തിയിരുന്നു.