ബിജെപിയുടെ കുതിരക്കച്ചവടം പരാജയപ്പെട്ടു; ജാര്‍ഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് ജയിച്ച് ഹേമന്ത് സോറന്‍
81 ല്‍ 48 വോട്ടുകള്‍ നേടിയാണ് ഹേമന്ത് സോറന്‍ ബിജെപി നീക്കങ്ങളെ തകര്‍ത്തത്.
റാഞ്ചി: ബിജെപിയുടെ കുതിരക്കച്ചവട നീക്കങ്ങളെ നിലംപരിശാക്കി ജാര്‍ഖണ്ഡില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ഹേമന്ത് സോറന്‍. 81 ല്‍ 48 വോട്ടുകള്‍ നേടിയാണ് ഹേമന്ത് സോറന്‍ ബിജെപി നീക്കങ്ങളെ തകര്‍ത്തത്. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ബിജെപി രാജ്യത്ത് കലാപങ്ങളുണ്ടാക്കുകയാണെന്ന് ഹേമന്ത് സോറന്‍ ആരോപിച്ചു. ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യമുണ്ടാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.
ജനാധിപത്യത്തെ തകര്‍ക്കാനാണു പ്രതിപക്ഷ ശ്രമം. നിയമസഭാംഗങ്ങളെവച്ച് കുതിരക്കച്ചവടത്തിനാണു ബിജെപി ശ്രമം. ആളുകള്‍ ചന്തയില്‍നിന്ന് സാധനങ്ങളാണു വാങ്ങുന്നത്. പക്ഷേ ബിജെപി നിയമസഭാംഗങ്ങളെയാണു വാങ്ങുന്നതെന്നും നിരവധി തടസ്സങ്ങളാണു സര്‍ക്കാരിനു നേരിടേണ്ടിവന്നതെന്നും സോറന്‍ സഭയില്‍ പറഞ്ഞു.
തങ്ങളുടെ മൂന്ന് എംഎല്‍എമാര്‍ ബംഗാളിലാണ്. ബംഗാളില്‍ എംഎല്‍എമാരെ വലയിട്ടുപിടിക്കാന്‍ നോക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ്. ജാര്‍ഖണ്ഡില്‍ യുപിഎ സര്‍ക്കാര്‍ ഉള്ള കാലത്തോളം ബിജെപിയുടെ ഗൂഢാലോചന നടക്കാന്‍ പോകുന്നില്ല. സംസ്ഥാനങ്ങളെ തമ്മില്‍ തല്ലിക്കുന്നതിനാണ് അവരുടെ ശ്രമം. ആഭ്യന്തര യുദ്ധത്തിനു സമാനമായ സാഹചര്യം ഉണ്ടാക്കാനാണു നോക്കുന്നത്. നിങ്ങള്‍ക്ക് അതിനു ഉചിതമായ മറുപടി തന്നെ ലഭിക്കുമെന്നും സോറന്‍ നിയമസഭയില്‍ പറഞ്ഞു.
ഛത്തീസ്ഗഡിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ എംഎല്‍എമാരെ ജാര്‍ഖണ്ഡിലേക്കു തിരിച്ചെത്തിച്ചാണ് വിശ്വാസ വോട്ടെടുപ്പു നടത്തിയത്. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ് അംഗങ്ങളായ മുപ്പതോളം പേരാണ് റായ്പൂരിനു സമീപത്തുള്ള റിസോര്‍ട്ടില്‍ കഴിഞ്ഞ 30 മുതല്‍ കഴിഞ്ഞിരുന്നത്. ഛത്തീസ്ഗഡില്‍ പ്രത്യേക പോലിസ് സുരക്ഷയോടെയായിരുന്നു ഇവരുടെ താമസം. ജെഎംഎം 30, കോണ്‍ഗ്രസ് 18, ബിജെപി 26 എന്നിങ്ങനെയാണ് ജാര്‍ഖണ്ഡ് നിയമസഭയിലെ സീറ്റുനില.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയായിരുന്നു ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടന്നത്.
ക്വാറി ലൈസന്‍സ് കേസില്‍ സോറന്റെ എംഎല്‍എ. സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് വിശ്വാസം തെളിയിക്കേണ്ടതായി വന്നിരിക്കുന്നത്. സോറന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. സോറന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സോറന്‍ രാജിവെച്ചൊഴിയണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം.