യോഗിയോടു ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടതായി ആരോപണം
ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നൊഴിവാക്കി കൊടുക്കാനാണ് നടപടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ജില്ലാ മജിസ്‌ട്രേറ്റ് തന്നെയാണ് വാതില്‍ തുറന്നു മാധ്യമപ്രവര്‍ത്തകരെ പുറത്തു പോവാന്‍ അനുവദിച്ചത്.
ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ അത്യാഹിത വാര്‍ഡില്‍ പൂട്ടിയിട്ടതായി ആരോപണം. ആശുപത്രി സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നതു പുറത്തിറങ്ങാന്‍ അനുവദിക്കാതെ പുറത്ത് പൊലീസ് കാവല്‍ നിന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നൊഴിവാക്കി കൊടുക്കാനാണ് നടപടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ജില്ലാ മജിസ്‌ട്രേറ്റ് തന്നെയാണ് വാതില്‍ തുറന്നു മാധ്യമപ്രവര്‍ത്തകരെ പുറത്തു പോവാന്‍ അനുവദിച്ചത്.
എന്നാല്‍, ആരോപണങ്ങള്‍ രാകേഷ് കുമാര്‍ നിഷേധിച്ചു. യോഗി ആദിത്യ നാഥിന്റെ മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വര്‍ഡിനുള്ളില്‍ തിങ്ങിനിറഞ്ഞുവെന്നും ദയവായി മുഖ്യമന്ത്രിക്കൊപ്പം വാര്‍ഡിനുള്ളിലേക്കു പോകരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തതതെന്നും മജിസ്‌ട്രേറ്റ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടെന്ന ആരോപണം ഉയരുന്നത്.
അതേസമയം, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തി. യുപി സര്‍ക്കാര്‍ ജനങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഓടിയൊളിക്കുകയാണെന്നു പ്രിയങ്ക ട്വിറ്ററില്‍ കുറ്റപ്പെടുത്തി.