സിപിഎമ്മിനെ നയിക്കുന്ന ബോധ്യമാണ് ആ വാക്കുകള്‍; മണിക്ക് മറുപടിയുമായി രമ
എത്ര ആഹ്‌ളാദത്തോടെയാണ് അദ്ദേഹം അത് സംസാരിച്ചത്. സിപിഎമ്മിനെ നയിക്കുന്ന ബോധ്യം അതാണ്. വിധിയാണ് എന്ന് ഏത് അടിസ്ഥാനത്തിലാണ് പറയുന്നത്. വിധി തന്നത് സിപിഎമ്മാണ്.
തിരുവനന്തപുരം: നിയമസഭയില്‍ എം എം മണി തനിക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി കെ കെ രമ എംഎല്‍എ. ടി പി ചന്ദ്രശേഖരനെ കൊന്നത് ശരിയായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ആ പരാമര്‍ശത്തിലൂടെയെന്ന് രമ പറഞ്ഞു. എത്ര ആഹ്‌ളാദത്തോടെയാണ് അദ്ദേഹം അത് സംസാരിച്ചത്. സിപിഎമ്മിനെ നയിക്കുന്ന ബോധ്യം അതാണ്. വിധിയാണ് എന്ന് ഏത് അടിസ്ഥാനത്തിലാണ് പറയുന്നത്. വിധി തന്നത് സിപിഎമ്മാണ്. അല്പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍, ജനാധിപത്യ മര്യാദയുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്‌ക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' എന്നാണ് എം.എം.മണി നിയമസഭയില്‍ പറഞ്ഞത്. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു.
കെ കെ രമക്കെതിരേ എം എം മണി നടത്തിയ പരാമര്‍ശം ഒരിക്കലും സഹിക്കാന്‍ പറ്റാത്തതും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ക്രൂരമായ പരാമര്‍ശമാണ് മണി നടത്തിയത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.